Asianet News MalayalamAsianet News Malayalam

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടി രൂപ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

ചെന്നൈയില്‍ സമീറ ബുര്‍ഖ ഷോപ്പ് എന്ന പേരില്‍ ഒരു തുണിക്കട നടത്തുന്ന നിസാറിന്  ദുബായില്‍ താമസിക്കുന്ന മലയാളിയും മണ്ണടി സ്വദേശിയുമായ റിയാസാണ് പണം കൈമാറാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

10 crore rupees seized from Chennai to Kerala Four people were arrested
Author
First Published Sep 30, 2022, 3:29 PM IST


ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്ത് കോടി രൂപയും  രണ്ട് വാഹനങ്ങളും തമിഴ്നാട്ടില്‍ വച്ച് പിടികൂടി. അശോക് ലെയ്‌ലാൻഡ് ലോറിയില്‍ കയറ്റിയ നിലയിലാണ് ഹ്യൂണ്ടായ് ഐ10 കാറും പണം പിടികൂടിയത്. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നാണ് തമിഴ്നാട് പൊലീസ് വാഹനം പിടികൂടിയത്. നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തെന്നും തമിഴ്നാട് പൊലീസ് പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ പണം  ചെന്നൈയിൽ നിന്ന് കൊണ്ട് കൊണ്ടുവരികയായിരുന്നെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

പിടികൂടിയ പണം തമിഴ്നാട്ടിലെ കോയമ്പത്തൂർ, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എത്തിക്കാനായി കൊണ്ടു പോകുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദുബായിൽ നിന്നാണ് പണം കടത്താനുള്ള നിര്‍ദ്ദേശം ലഭിച്ചത്. ദുബായില്‍ താമസിക്കുന്ന മലയാളിയും മണ്ണടി സ്വദേശിയുമായ റിയാസിൽ നിന്ന് നിസാർ അഹമ്മദ് എന്നയാള്‍ക്കാണ് പണവും കാറും കടത്താനുള്ള നിർദേശം ലഭിച്ചത്. നിസാര്‍ നിലവില്‍ ചെന്നൈയില്‍ താമസിക്കുന്നു. ഇയാള്‍ സമീറ ബുര്‍ഖ ഷോപ്പ് എന്ന പേരില്‍ ഒരു തുണിക്കട നടത്തുകയാണെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  നിസാർ അഹമ്മദിന്‍റെ പിതാവിന്‍റെ അടുത്ത സുഹൃത്താണ് റിയാസ്.

10 കോടി രൂപ 48 കെട്ടുകളിലാക്കി കേരളത്തിന് പുറത്തുള്ള സർബുദീൻ എന്ന ലോറി ഡ്രൈവറെ ഏൽപ്പിക്കാൻ റിയാസ്,  നിസാറിനോട് നിർദ്ദേശിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിസാർ അഹമ്മദ് ഹ്യൂണ്ടായ് ഐ10 കാറിൽ പണം കൊണ്ടുപോയി കൈമാറുന്നതിനിടെയാണ്  പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പണവും കാറും പള്ളികൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്.  നിസാർ അഹമ്മദ്, ഇയാളുടെ ഡ്രൈവർ വസീം അക്രം, ലോറി ഡ്രൈവർമാരായ സർബുദീൻ, നാസർ എന്നിവരെ  പൊലീസ് അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios