തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ക്ഷേത്ര മോഷ്ടാക്കൾ എന്നാരോപിച്ച് ജനക്കൂട്ടം ആറംഗ കുടുംബത്തെ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി, പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചെന്നൈ: തമിഴ്നാട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ കുടുംബത്തിലെ പത്തുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ക്ഷേത്ര മോഷ്ടാക്കൾ എന്നാരോപിച്ച് ജനക്കൂട്ടം ആറംഗ കുടുംബത്തെ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി, പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതുക്കോട്ടയിൽ ആറംഗ കുടുംബത്തെ ജനക്കൂട്ടം പിന്തുടർന്ന് ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടോടാൻ ശ്രമിച്ച ഇവരെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ അക്രമിസംഘം തടഞ്ഞുവച്ച് മർദ്ദിച്ചു. പുതുക്കോട്ടയിലെ കിള്ളന്നൂർ എന്ന ഗ്രാമത്തിനടുത്ത് വഴിയോരത്തെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന നാടോടിസംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്സാപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് സംഘടിച്ച ജനക്കൂട്ടം കല്ലും വടിയുമായി മോഷ്ടാക്കളെ തെരയാനിറങ്ങി. ഈ സമയത്ത് അതുവഴി കടന്നുപോയ ഓട്ടോറിക്ഷയിൽ സ്ഥലത്ത് പരിചയമില്ലാത്തവരെ കണ്ടതോടെ ആൾക്കൂട്ടം അക്രമാസക്തരായി.

കടലൂർ വിരുദാചലം സ്വദേശി സത്യനാരായണ സ്വാമിയേയും കുടുംബത്തേയുമാണ് അക്രമി സംഘം ആക്രമിച്ചത്. കുടുംബത്തെയൊന്നാകെ പിടികൂടി മരത്തിൽ കെട്ടിയിട്ട് തല്ലിച്ചതച്ചു. ആക്രമണം ഇവർ തന്നെ മൊബൈലിലും പകർത്തി. ഒപ്പമുണ്ടായിരുന്ന കുട്ടിയേയും അക്രമികൾ വെറുതെ വിട്ടില്ല. പേടിച്ച് നോക്കി നിൽക്കുന്ന മറ്റൊരു കുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. വിവരമറിഞ്ഞെത്തിയ പൊലീസാണ് അടിയേറ്റ് അവശരായ കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചത്.

പരിക്കേറ്റ് ചികിത്സയിലിരിക്കെ സത്യനാരായണ സ്വാമിയുടെ പത്തുവയസുകാരി മകൾ കർപ്പകാംബിക ഇന്നലെ മരിച്ചു. അക്രമിസംഘം ഒന്നാകെ ഒളിവിലാണ്. തെരച്ചിൽ തുടരുകയാണെന്ന് പുതുക്കോട്ട ഗണേഷ് നഗർ പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഇരയായ കുടുംബത്തിൽ നിന്ന് കണ്ടെടുത്ത മോഷണമുതൽ എന്ന പേരിൽ ഓട്ടുപാത്രങ്ങളുടേയും വിളക്കുകളുടേയും ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്‍റെ നിജസ്ഥിതി സ്ഥിരീകരിച്ചിട്ടില്ല.