ഉത്തരേന്ത്യ മുതൽ തെക്കൻ കൊറിയ വരെ നീളുന്ന കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞു. 2026 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ഏറ്റവും ശക്തമായ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ.
ദില്ലി: ഉത്തരേന്ത്യയിൽ തുടങ്ങി ഹിമാലയം, ചൈന എന്നിവ കടന്ന് തെക്കൻ കൊറിയ വരെ നീളുന്ന 7000 മുതൽ 10000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞു. 2026 ലെ തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ഏറ്റവും ശക്തമായ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 'മൺസൂൺ കൺവർജൻസ് സോൺ' എന്നറിയപ്പെടുന്ന ഈ മേഘനിര, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ഏഷ്യയിലുടനീളമുള്ള മറ്റ് അന്തരീക്ഷ വ്യതിയാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് രൂപപ്പെട്ടത്.
തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടിയിരുന്ന മണ്‍സൂണ്‍ മഴയെ അപേക്ഷിച്ച് 170 മുതൽ 180 ശതമാനം വരെ രേഖപ്പെടുത്തി. ഈ സീസണിൽ രാജ്യത്ത് ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. കാലാവസ്ഥാ വിദഗ്ദ്ധർ ഇതിനെ വമ്പൻ മൺസൂൺ ദിനം എന്നാണ് വിശേഷിപ്പിച്ചത്.
മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ്. ഇവിടെ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് ഹിമാലയൻ നിരകളിലൂടെ ചൈന, ജപ്പാൻ വരെ ഈ മേഘം പടർന്നു കിടക്കുന്നു. മൺസൂൺ പാത്തി സജീവമായി നിൽക്കുകയും ചൂടുകാറ്റ് അന്തരീക്ഷത്തിന്‍റെ ഉയർന്ന തട്ടുകളിലേക്ക് ഉയർന്നു പൊങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം കൂറ്റൻ മേഘ രൂപീകരണം നടക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിലവിൽ കനത്ത മഴ ലഭിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമായി തുടരുന്നു.
മഴ മുന്നറിയിപ്പ്
കനത്ത മഴ വലിയ ആശങ്കകൾക്കും വഴിവെക്കുന്നുണ്ട്. ഗുജറാത്തിലും അസമിലുമെല്ലാം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന പ്രവചനമുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ഉരുൾപൊട്ടൽ, നദികളിലെ ജലനിരപ്പ് ഉയരൽ എന്നിവയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അസം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ സജീവമായി തുടരുമെന്നാണ് പ്രവചനം. ഏഷ്യൻ ഭൂഖണ്ഡത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ പരസ്പരം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കൂറ്റൻ മേഘനിര. അറേബ്യൻ കടൽ മുതൽ പടിഞ്ഞാറൻ പസഫിക് സമുദ്രം വരെ പടർന്നുനിൽക്കുന്ന ഒരു വലിയ അന്തരീക്ഷ വ്യതിയാനത്തിന്റെ ഭാഗമാണിതെന്ന് ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു. വരും ദിവസങ്ങളിലും മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം കേരളത്തിന് പ്രത്യേകമായ മഴ മുന്നറിയിപ്പൊന്നും ഇതുവരെ ഇല്ല.


