ഛത്തീസ്​ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെയാണ് ബീജാപ്പൂരിൽ ആയുധം വെച്ച് കീഴടങ്ങിയത്. എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറി.

റായ്പൂർ: ഛത്തീസ്​ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെയാണ് ബീജാപ്പൂരിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുമെന്ന് ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ അദ്യമായാണ് ഇത്രയധികം മാവോയിസ്റ്റുകൾ ഒരു ദിവസം കീഴടങ്ങുന്നത്. കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. ബീജാപ്പൂർ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നാളെ അമിത് ഷാ സന്ദർശം നടത്തുന്നുണ്ട്.

കീഴടങ്ങേണ്ടവർക്ക് ആയുധം വെച്ച് കീഴടങ്ങാമെന്ന് അമിത് ഷാ

കീഴടങ്ങാൻ താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ആയുധം വെച്ച് കീഴടങ്ങാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളുമായി യാതൊരു സന്ധി സംഭാഷണത്തിനും ഇല്ലെന്നും കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും അമിത് ഷാ വ്യക്തമാക്കി. വെടിനിർത്തൽ നടപ്പാക്കി ചർച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് കടുപ്പിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധം വെച്ച് കീഴടങ്ങുക. പൊലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടിപോലുമുതിര്‍ക്കില്ലെന്നും ഷാ വ്യക്തമാക്കി.