മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിനില്ലെന്ന് കേന്ദ്ര സർക്കാർ. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും ആയുധം വെച്ച് കീഴടങ്ങേണ്ടവർക്ക് കീഴടങ്ങാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.

ദില്ലി: മാവോയിസ്റ്റുകളുമായി യാതൊരു സന്ധി സംഭാഷണത്തിനും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും ആയുധം വെച്ച് കീഴടങ്ങേണ്ടവർക്ക് കീഴടങ്ങാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇതിനിടെ ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെ വധിച്ചെന്ന് കണക്കുകൾ പുറത്തുവന്നു.

വെടിനിർത്തൽ നടപ്പാക്കി ചർച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് കടുപ്പിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധം വെച്ച് കീഴടങ്ങുക. പൊലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടിപോലുമുതിര്‍ക്കില്ലെന്നും ഷാ വ്യക്തമാക്കി.

2026 മാർച്ചോടെ മാവോയിസ്റ്റ് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ സർക്കാർ പ്രവർത്തനം. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വേട്ടസുരക്ഷസേന കടുപ്പിച്ചിരുന്നു. ഛത്തീസ്ഗഡിലെ പരമ്പരാഗത മാവോയിസ്റ്റ് കേന്ദ്രങ്ങൾ അടക്കം സേന തകർത്തിരുന്നു. ഇതിനിടെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന മാവോയിസ്റ്റ് നേതാവിന്റെ കത്ത് പുറത്തുവന്നത്. സുരക്ഷസേനയുടെ നടപടികൾക്കെതിരെ സിപിഐ അടക്കം ഇടതുപാർട്ടികൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനെയും അമിത് ഷാ തള്ളുകയാണ്.യതൊരു അനുനയവും ഇല്ലെന്ന് സന്ദേശമാണ് മാവോയിസ്റ്റുകൾക്ക് കേന്ദ്രം ഇതോടെ നൽകുന്നത്. ഇതിനിടെ ഛത്തീസ്ഗഡിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇതോടെ ഈ വർഷം മാത്രം സംസ്ഥാനത്ത് കൊലപ്പെടുത്തിയത് 252 മവോയിസ്റ്റുകളെന്ന് സർക്കാർ കണക്കുകൾ.

YouTube video player