ദില്ലി: ദില്ലിയിലെ കണ്ടൈൻമെന്റേ് പ്രദേശത്തുള്ള ഒരു കുടുംബത്തിലെ 12 പേരിൽ കൊവിഡി 19 സ്ഥിരീകരിച്ചു. ഇവരിൽ 2 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. വ്യാഴാഴ്ചയാണ് ഇവരിൽ രോ​ഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എല്ലാവരെയും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം അവസാനം കുടുംബാം​ഗങ്ങളിലൊരാൾ ഉസബക്കിസ്ഥാനിൽ നിന്നും തിരികെയെത്തിയിരുന്നു. എന്നാൽ ഇക്കാര്യം ആരോ​ഗ്യവകുപ്പ് അധികൃതരെ അറിയിച്ചില്ല.

പിന്നീട് ഇയാൾക്ക് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങളായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പരിശോധിച്ചതിനെ തുടർന്ന് കൊവി‍ഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തിലെ മറ്റ് അം​ഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരും രോ​ഗബാധിതരാണെന്നായിരുന്നു പരിശോധനാ ഫലം. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ പ്രദേശം മുദ്ര വച്ചിരിക്കുകയാണ്. ദില്ലിയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 2376 ആയി അമ്പത് പേരാണ് മരിച്ചത്.