Rajya Sabha : രാജ്യസഭയിലെ ബഹളത്തിൽ നടപടി; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ
പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
ദില്ലി: എളമരം കരീം (elamaram kareem), ബിനോയ് വിശ്വം (binoy viswam) എന്നിവര്‍ അടക്കം 12 രാജ്യസഭ (rajya sabha) എംപിമാർക്ക് സസ്പെൻഷൻ (suspension). ഈ സമ്മേളന കാലത്തേക്ക് സസ്പെൻഷൻ. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.
പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.
Also Read: ചരിത്രം! വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും
അതിനിടെ, വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി.