സൂറത്ത്: 12 വയസ്സുകാരി സൂറത്തില്‍ ജൈന സന്ന്യാസിനിയായി. ആദ്യമായാണ് ഇത്രയും ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി ജൈന സന്ന്യാസിനിയാകുന്നുന്നത്. സൂറത്ത് സ്വദേശിനിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഖുഷി ഷായാണ് ബുധനാഴ്ച നടന്ന ചടങ്ങില്‍ ദീക്ഷ സ്വീകരിച്ചത്. മകള്‍ ദീക്ഷ സ്വീകരിക്കുന്നത്  അഭിമാനമാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു. ഭൗതിക ലോകത്ത് നമ്മളുടെ സന്തോഷം അതേസമയംസ്ഥിരമല്ലെന്നും അതേസമയം, ലോകം എക്കാലവും നിലനില്‍ക്കുമെന്നും ദീക്ഷ സ്വീകരിച്ച ശേഷം ഖുഷി പറഞ്ഞു. 

ഖുഷിയുടെ കുടുംബത്തില്‍നിന്ന് മുമ്പ് നാലുപേര്‍ ജൈന സന്ന്യാസം സ്വീകരിച്ചിട്ടുണ്ട്. എട്ടാം വയസ്സില്‍ തന്നെ ഖുഷി സന്ന്യാസിനിയാകുമെന്ന് തീരുമാനമെടുത്തിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു. ഖുഷിയുടെ അച്ഛന്‍ വിനീത് ഷാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇത്രയും ചെറുപ്രായത്തില്‍ തന്നെ ഉള്‍വിളി ലഭിച്ചെങ്കില്‍ അവള്‍ സാധാരണ പെണ്‍കുട്ടിയല്ല. ഒരുപാട് പേരുടെ ജീവിതത്തിലേക്ക് വെളിച്ചമേകാന്‍ അവള്‍ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവളില്‍ അഭിമാനം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. അദ്ദേഹം പറഞ്ഞു.

മകളെ ഡോക്ടറാക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍, സന്ന്യാസിനിയാകാനാണ് അവള്‍ ആഗ്രഹിച്ചത്. അവളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു-ഖുഷിയുടെ അമ്മ പറഞ്ഞു. ആറാം ക്ലാസില്‍ 97 ശതമാനം മാര്‍ക്ക് നേടിയ ഖുഷി കഴിഞ്ഞ നവംബറിലാണ് സ്കൂളില്‍ പോകുന്നത് അവസാനിപ്പിച്ചത്. സ്കൂള്‍ നിര്‍ത്തിയതിന് ശേഷം ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് നഗ്നപാദയായി കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും ചെയ്തു. 

ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ദീക്ഷ. സന്ന്യാസം സ്വീകരിക്കുന്നതിന് തൊട്ടുമുമ്പാണ് ദീക്ഷ നടത്തുക. കഠിനമായ ആചാരങ്ങള്‍ക്ക് ശേഷമാണ് സന്ന്യാസിയാകുക. ഭൗതിക സുഖങ്ങള്‍ ത്യജിക്കുക മാത്രമല്ല, വികാരവും ആഗ്രഹങ്ങളുമെല്ലാം ഉപേക്ഷിക്കണം. തലമുടി വടിച്ചു കളയുന്നതിന് പകരം പിഴുതുമാറ്റലാണ് ഏറ്റവും കഠിനമായ ആചാരം. പുതിയതായി ദീക്ഷ സ്വീകരിക്കുന്നവര്‍ പഞ്ചവ്രതം എന്ന പ്രതിജ്ഞയെടുക്കണം. സന്ന്യസിയുടെ ദൈനം ദിന ജീവിതം ഉള്‍ക്കൊള്ളുന്നതാണ് പഞ്ചവ്രതം. സന്ന്യാസം സ്വീകരിച്ചാല്‍ വീടുമായി യാതൊരു ബന്ധവും പുലര്‍ത്തില്ല. ജൈന സന്ന്യാസിമാരുടെ മരണവും അവര്‍ തന്നെ നിശ്ചയിക്കുന്ന പ്രകാരമാണ്.