റാംപൂര്‍: പന്ത്രണ്ട്  വയസുകാരൻ ക്വാറന്റെെന്‍ കേന്ദ്രത്തില്‍ രാത്രി കഴിഞ്ഞത് ഒറ്റയ്ക്ക്. ഉത്തരാഖണ്ഡിലെ ഗംഗാപൂര്‍ ഗ്രാമത്തിലാണ് സംഭവം. റാംപൂരിലെ ഹല്‍ദ്വാനി പ്രദേശവാസിയാണ് ഈ കുട്ടി.  സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു. 

ഒരു പ്രെെമറി സ്കൂളിലെ കൊവിഡ് ക്വാറന്റെെന്‍ കേന്ദ്രത്തിലാണ് രാത്രി കുട്ടി ചിലവഴിച്ചത്. കുട്ടിയുടെ അച്ഛന്‍ രാത്രി അത്താഴം കൊണ്ടുവന്നുകൊടുത്തു. ശേഷം പിതാവ് ക്വാറന്റെെന്‍ കേന്ദ്രത്തില്‍ നിന്ന് തിരിച്ചുപോയി. പിന്നാലെ സെക്യൂരിറ്റി ഗാര്‍ഡ് ഗേറ്റ് അടയ്ക്കുകയായിരുന്നു. എന്നാൽ, സ്കൂളില്‍ ആരുമില്ലാത്തതിനാല്‍ മകനെ ഒറ്റയ്ക്ക് നിറുത്തി പോരാന്‍ പിതാവിന് തോന്നിയില്ല. തുടർന്ന് പുറത്ത് കാവലിരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

രാവിലെ ഗേറ്റ് തുറന്നതിന് ശേഷവും കുട്ടിയുടെ അച്ഛന്‍ പുറത്തുണ്ടായിരുന്നു. കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഗേറ്റ് പൂട്ടിയിരുന്നെന്ന് ഗംഗാപൂര്‍ ഗ്രാമതലവന്‍ സന്‍വാള്‍ പറ‌ഞ്ഞു. കുട്ടിയെ പരിപാലിക്കനായി ഒരു ആശ വര്‍ക്കര്‍കൂടി ഉണ്ടായിരുന്നെന്നും ഇയാൾ പറയുന്നു. എന്നാൽ,​ തന്റെ മകൻ കേന്ദ്രത്തില്‍ ഒറ്റയ്ക്ക് മാത്രമായിരുന്നെന്ന് പിതാവ് പറയുന്നു.

ഇത് വളരെ ഗുരുതരമായ ഒരു കാര്യമാണെന്നും ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ക്വാറന്റെെന്‍ കേന്ദ്രത്തിന്റെ നോഡല്‍ ഓഫീസറായ നിര്‍മല ജോഷി പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ ക്വാറന്റെെന്‍ ചെയ്യുമ്പോൾ കുടുംബവുമായി ബന്ധപ്പെടണമെന്നാണ് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നൽകിയിരിക്കുന്നത്.