പത്താൻകോട്ട്: എത്രയും പെട്ടെന്ന് സ്വദേശത്തേയ്ക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീരിൽ നിന്നുള്ള 1200 ലധികം തൊഴിലാളികൾ പഞ്ചാബിൽ പട്ടിണി സമരത്തിൽ. പഞ്ചാബിലെ പത്താൻകോട്ടിൽ പ്രവർത്തിക്കുന്ന വിവിധ ക്യാമ്പുകളിലായി 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി ഇവർ പൂർത്തിയാക്കി. തങ്ങളുടെ വീടുകളിലേക്ക് തിരികെ അയക്കണമെന്ന ആവശ്യമുന്നയിച്ചാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ പട്ടിണി സമരം നടത്തുന്നത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർ പഞ്ചാബിൽ കുടുങ്ങിപ്പോയതാണ്. ജില്ലയിലെ ഏഴ് ക്യാമ്പുകളിലായി ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 

എന്നാൽ ക്വാറന്റൈൻ കാലാവധി അവസാനിച്ച അന്നു മുതൽ ഭക്ഷണം കഴിക്കാൻ ഇവർ വിസമ്മതിച്ചു. എത്രയും പെട്ടെന്ന് സ്വദേശത്ത് തിരികെ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അവരുടെ തിരിച്ചുപോക്കിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ജമ്മു കശ്മീർ സർക്കാരാണ്. ഇതുവരെ അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് പത്താൻകോട്ട് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അഭിജിത് കപ്‍ലീഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന ഉദ്യോ​ഗസ്ഥർ ഇവരെ സന്ദർശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.