Asianet News MalayalamAsianet News Malayalam

പ്ലസ് ടു തോറ്റു; വ്യാജ ഐപിഎസ് ഓഫീസറായി വിലസി; അക്ഷരത്തെറ്റിന് പിടിയിലായി

ഡൽഹി കേഡറിലെ ഓഫിസറാണെന്നു തെറ്റിദ്ധരിപ്പിച്ച് ബിൽ അടയ്ക്കാതെ പങ്കാളിക്കൊപ്പം മുന്തിയ ഹോട്ടലുകളിലായിരുന്നു താമസം

12th fail fake IPS officer who gave talks on cracking UPSC and IIT arrested
Author
Jaipur, First Published Jun 3, 2019, 10:52 AM IST

ജയ്‌പൂർ: ബിരുദ പഠനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഐഎഎസും ഐപിഎസും നേടുന്നത് ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത വാർത്തയല്ല. ചെറുപ്രായത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം കൊയ്യുന്നവരെ വളരെ ബഹുമാനത്തോടെയാണ് ഇന്ത്യൻ സമൂഹം നോക്കിക്കാണാറുള്ളത്. അത് തന്നെയാണ് അഭയ് മീണയെന്ന 20കാരനെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ അതിപ്രശസ്തനാക്കിയത്.

ഐഐടി പ്രവേശന പരീക്ഷയും യുപിഎസ്‌സി പരീക്ഷയും എങ്ങനെ വിജയിക്കാമെന്നു വിദ്യാ‍ർഥികൾക്കു ക്ലാസ്സെടുക്കുന്ന പ്രചോദനാത്മക പ്രഭാഷകനായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളിലെ സൂപ്പർ താരം. പരിശീലന പരിപാടികളിൽ പൊലീസുകാർക്കു മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചിട്ടുണ്ട് ഈ വ്യാജ ‘ഐപിഎസുകാരൻ.’ സത്യത്തിൽ അഭയ് മീണ പ്ലസ് ടു തോറ്റ് പഠനം നിർത്തിയതായിരുന്നു. 

മൂന്ന് നക്ഷത്രങ്ങൾ പിടിപ്പിച്ച കാറിലായിരുന്നു യാത്ര. ഇത്ര ചെറുപ്പത്തിലേ ഐപിഎസ് കിട്ടുമോയെന്ന സംശയം ഒരാൾ ഉന്നയിച്ചപ്പോഴാണ് അഭയ് തന്റെ ഐഡി കാർഡ് നീട്ടിയത്. ഡൽഹി കേഡറിൽ ക്രൈം ബ്രാഞ്ച് എസിപിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. പക്ഷെ ഐഡി കാർഡിൽ ‘Crime Branch’ എന്നെഴുതിയപ്പോൾ ‘branche’ എന്ന് തെറ്റിച്ചാണ് എഴുതിയത്. ‘capital’ എന്ന വാക്കാകട്ടെ ‘capitol’ ആവുകയും ചെയ്തു. ഇതോടെ വ്യാജനാണെന്ന് മനസിലായ ആൾ പൊലീസിൽ വിവരമറിയിച്ചു.

അഭയ് മീണ തട്ടിപ്പുകാരനാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് പിന്നെയും അന്വേഷിക്കേണ്ടി വന്നു. മൂന്ന് ഓഫീസർമാരെ മൂന്ന് ജോലികൾക്ക് നിയോഗിച്ചു. ഒരാൾ അഭയ് മീണ ദില്ലി കേഡറിലെ ഓഫീസർ തന്നെയാണോ എന്നന്വേഷിച്ചു. സമൂഹമാധ്യമങ്ങളിൽ ഇയാൾ എങ്ങിനെ ഇടപെടുന്നുവെന്ന് അന്വേഷിക്കാനായിരുന്നു മറ്റൊരു ഓഫീസറെ ചുമതലപ്പെടുത്തിയത്. അഭയ് മീണയുടെ വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള കാര്യങ്ങളും അന്വേഷിച്ചു. പിന്നീടായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios