രാസവളവും ഇന്ധവും ഇന്ത്യയിലേക്കെത്തിക്കുന്ന കപ്പലുകളാണ് ഇവ. ഹോർമൂസിൽ യുഎസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ ഗതാഗതവും പുനസ്ഥാപിച്ചിരുന്നു. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുകയാണ്.
ദില്ലി: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ദിഷ ഉച്ചക്ക് ശേഷം ഗുജറാത്ത് തീരത്ത് എത്തും. 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ അനുമതി ലഭിക്കും. 539 ഇന്ത്യക്കാരാണ് കപ്പലിലുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി.
62370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തുന്നത്. ഗുജറാത്തിലെ ദഹേജ് തുറമുഖത്താണ് കപ്പൽ എത്തുക. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിദേശകപ്പലുകളടക്കം 34 കപ്പലുകളാണ് നിലവില്‍ ഹോർമൂസിൽ ഉള്ളത്. ഇതില്‍ 13 ഇന്ത്യൻ കപ്പലുകൾ അനുമതി തേടി കഴിഞ്ഞു.ഈ കപ്പലുകളിലാകെയായി 539 ഇന്ത്യക്കാർ ഹോർമൂസിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാസവളവും ഇന്ധവും ഇന്ത്യയിലേക്കെത്തിക്കുന്ന കപ്പലുകളാണ് ഇവ. ഹോർമൂസിൽ യുഎസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ ഗതാഗതവും പുനസ്ഥാപിച്ചിരുന്നു. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുകയാണ്. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.
ഇന്ധനങ്ങളുടെ കൂട്ടിയ വിലയില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് സൂചന. ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങി കപ്പലുകൾ ഇന്ത്യൻ തീരങ്ങളിലേക്ക് എത്തുന്നത് രാജ്യത്തിന്റെ ഊർജ്ജ, കാർഷിക മേഖലകൾക്കും ഉണർവ് നൽകും. എന്നാൽ യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിഹരിച്ച് ഇറക്കുമതി പൂർണ്ണതോതിലാക്കാൻ വരും മാസങ്ങളിൽ നയതന്ത്ര-സാങ്കേതിക ശ്രമങ്ങൾ തുടരേണ്ടതും അനിവാര്യമാണ്.



