ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഫീസ് ഈടാക്കാന്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇത് അനുവദിക്കില്ലെന്നും എണ്ണ വിതരണം സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ സുപ്രധാനമായ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കുമെന്നുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അനുവദിക്കില്ലെന്നും നടപടി നിർത്തിവെക്കുന്നതാണ് നല്ലതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലത്തില്‍ എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതിന് ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാൽ എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തതയില്ല. സൈനികമായ കരുത്തിലൂടെയോ ബദല്‍ സംവിധാനങ്ങളിലൂടെയോ എണ്ണ വിതരണം പുനഃസ്ഥാപിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഹോര്‍മൂസ് കടലിടുക്കിലൂടെ പോകന്ന കപ്പലുകള്‍ ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കപ്പലുകളില്‍ നിന്ന് ഇറാന്‍ ട്രാന്‍സിറ്റ് ഫീ അഥവാ ടോള്‍ ഈടാക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചത്. 

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനായി ഇറാന്‍ പുതിയ പദ്ധതി ഇടുന്നതായി പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചിരുന്നു, സര്‍ക്കാര്‍ ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ ഇറാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.