Asianet News MalayalamAsianet News Malayalam

കയര്‍ കുരുക്കിയുള്ള പ്രാങ്ക് കാര്യമായി, ഒന്നുമറിയാതെ കാഴ്ചയില്ലാത്ത അമ്മ; 13കാരന് ദാരുണാന്ത്യം

തനിക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു

13 year old boys prank turned to tagedy SSM
Author
First Published Sep 19, 2023, 3:40 PM IST

കാണ്‍പൂര്‍: കഴുത്തില്‍ കയര്‍ കുരുക്കിയുള്ള പ്രാങ്കിന് ഒടുവില്‍ 13 വയസുകാരന് ദാരുണാന്ത്യം. കാഴ്ചയില്ലാത്ത അമ്മയുടെ മുന്‍പിലാണ് മകന്‍ പിടഞ്ഞുമരിച്ചത്. തനിക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് പറഞ്ഞ് അമ്മ വിലപിച്ചു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് സംഭവം.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജാസ് തന്‍റെ സഹോദരങ്ങളായ യാഷ് (9), മെഹക് (7), ആസ്ത (5) എന്നിവര്‍ക്കൊപ്പം ഒറായി കാൻഷിറാം കോളനിയിലെ വീട്ടിൽ കളിക്കുകയായിരുന്നു. സ്റ്റൂളില്‍ കയറി നിന്ന് കഴുത്തില്‍ കയര്‍ കൊണ്ട് തമാശയ്ക്ക് കുരുക്കിട്ടതാണ് ജാസ്. കയറിന്‍റെ ഒരറ്റം ജനാലയില്‍ ബന്ധിച്ചിരുന്നു. പിന്നാലെ സ്റ്റൂള്‍ തെന്നിപ്പോയതോടെ കുരുക്ക് മുറുകി കുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു. മൂക്കിലൂടെ രക്തം വന്നപ്പോഴാണ് പ്രാങ്ക് കാര്യമായത് സഹോദരങ്ങള്‍ തിരിച്ചറിഞ്ഞത്.  

ജന്മനാ കാഴ്ചയില്ലാത്ത കുട്ടികളുടെ അമ്മ സംഗീത ഇതെല്ലാം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. സംഗീത ഒന്നുമറിഞ്ഞില്ല. മക്കളുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തി. പ്രദേശവാസികളും ഓടിവന്നു. ജാസിന്‍റെ കഴുത്തിലെ കുരുക്ക് നീക്കി ആശുപത്രിയിലെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

"ദൈവം എനിക്ക് കാഴ്ച നല്‍കിയിരുന്നുവെങ്കില്‍, എന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവൻ എന്റെ കൺമുന്നിൽ മരിച്ചു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല"- സംഗീത കണ്ണീരോടെ പറഞ്ഞു. കുട്ടികളുടെ അച്ഛന്‍ ഖേം ചന്ദ്ര ജോലിക്ക് പോയ സമയത്താണ് ദാരുണമായ സംഭവമുണ്ടായത്. ജാസ് സഹോദരങ്ങള്‍ക്കൊപ്പം കളിക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് അച്ഛന്‍ പറഞ്ഞു.

കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്ന ജാസ് സ്കൂളില്‍ നിന്ന് വന്ന ശേഷം അമ്മയെ സഹായിക്കാറുണ്ടായിരുന്നുവെന്ന് ഒറായി പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള മുഹമ്മദ് ആരിഫ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

Follow Us:
Download App:
  • android
  • ios