ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്.

ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു. ഞായറാഴ്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എസ് ലാവണ്യയാണ് കൊല്ലപ്പെട്ടത്. ലാവണ്യയും ഇളയ സഹോദരൻ ഭുവനേഷും (9) അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായ കാണ്ഡീപൻ, ലത എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്. കാണ്ഡീപൻ ഗ്രാമത്തലവനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം. പ്രതിഷ്ഠയെ ആളുകൾ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് വച്ചിരുന്നു.

രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്. ഉടൻ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് ശേഷം കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി. മഗറൽ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ജനറേറ്റർ ഓപ്പറേറ്റർ മുനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ചൊവ്വാഴ്ച ലാവണ്യയുടെ സംസ്കാര ചടങ്ങ് നടന്നു. ലാവണ്യ പഠനത്തിൽ മിടുക്കിയാണെന്നും മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിരുന്നതായും ഗ്രാമവാസികൾ പറയുന്നു. മൂന്ന് വർഷം മുമ്പ് ലാവണ്യയുടെ അമ്മയും മരിച്ചിരുന്നു. അച്ഛൻ ശരവണൻ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. 

ഗാനമേളയ്ക്കിടെ അടിച്ചുപൊളി പാട്ട്; നൃത്തം ചെയ്യുന്നതിനിടെ തെന്നി കിണറിൽ വീണു, യുവാവിന് ദാരുണാന്ത്യം