പാവയും പസിലുകളും, പിന്നെ സൂപ്പർമാനും സ്പൈഡർമാനും; 133 വർഷം പഴക്കമുള്ള കളിപ്പാട്ടക്കടയുടെ വിശേഷങ്ങളിലേക്ക്...
റിമോട്ട് കാറുകൾ, പാവകൾ, പസിലുകൾ, കളിത്തോക്കുകൾ, വിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങി പല നിറത്തിലും വൈവിധ്യങ്ങളിലുമുള്ള ആയിരത്തിലധികം കളിപ്പാട്ടങ്ങൾ. കുട്ടികൾക്ക് ഒരു കുട്ടി സ്വർഗം തന്നെയാണ് റാം ചന്ദർ ആൻഡ് സൺസ്.

ദില്ലി: ഇന്ത്യയിൽ കളിപ്പാട്ടങ്ങളുടെ ചരിത്രം തിരഞ്ഞാൽ വിസ്മരിക്കാൻ ആവാത്ത പേരാണ് റാം ചന്ദർ & സൺസ്. 133 വർഷം പിന്നിട്ട കളിപ്പാട്ട കടയ്ക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയപ്പെട്ടു കച്ചവടം മാറ്റുന്ന ഈ കാലത്ത് പഴമയുടെ പ്രൗഢിയുമായി തലയുയർത്തി നിൽക്കുകയാണ് ദില്ലി കോണാട്ട് പ്ലേസിൽ ഉള്ള ഈ കളിപ്പാട്ട കട. ബ്രിട്ടീഷ്കാർ മുതൽ നെഹ്‌റു കുടുംബം വരെ നീളുന്നു ഇവിടുത്തെ സന്ദർശകരുടെ നിരയുടെ ചരിത്രം. റിമോട്ട് കാറുകൾ, പാവകൾ, പസിലുകൾ, കളിത്തോക്കുകൾ, വിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങി പല നിറത്തിലും വൈവിധ്യങ്ങളിലുമുള്ള ആയിരത്തിലധികം കളിപ്പാട്ടങ്ങൾ. കുട്ടികൾക്ക് ഒരു കുട്ടി സ്വർഗം തന്നെയാണ് റാം ചന്ദർ ആൻഡ് സൺസ്.
സൂപ്പർമാൻ, സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങി ചോട്ടാഭീമും സംഘവും വരെ ഇവിടെയുണ്ട്. ഇന്ത്യൻ നിർമ്മിതവും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളും ഈ കൂട്ടത്തിൽപെടും. 100 രൂപയിൽ തുടങ്ങി പതിനായിരങ്ങൾ വരെയാണ് പലതിന്റെയും വില. കുട്ടി കൂട്ടുകാർക്കായി ഫ്രിഡ്ജിൽ മിഠായികളുമായാണ് കടയുടമ ഉടമ സതീഷ് ചന്ദ്ര കാത്തിരിക്കുന്നത്. മുത്തശ്ശനായ റാം സുന്ദർ 1890 ൽ തുടങ്ങിയ കട 70 വർഷമായി ഇദ്ദേഹമാണ് നടത്തുന്നത്.
കടയെപ്പറ്റി കേട്ടറിഞ്ഞു എത്തുന്നവരും കുറവല്ല. കുട്ടികൾ മാത്രമല്ല കുട്ടിത്തം വിട്ടുമാറാത്ത മുതിർന്നവരും ഈ കളിപ്പാട്ടക്കടയെ തേടിയെത്തുന്നു. കുട്ടികളുടെ ലോകം മൊബൈൽ സ്ക്രീനുകളിലേക്ക് ചുരുങ്ങുന്ന കാലത്തും കളിപ്പാട്ടങ്ങളുമായി അവർക്കായി കാത്തിരിക്കുകയാണ് റാം ചന്ദർ ആൻഡ് സൺസ്.
കളിപ്പാട്ടക്കടയുടെ വിശേഷങ്ങളിലേക്ക്