എയർ ഇന്ത്യയുടെ സർവ്വീസുകൾ രണ്ടാം ദിവസവും പൂർണമായി പരിഹരിക്കാനായില്ല. ഇന്ന് രാവിലെ വരെ 137 സർവ്വീസുകൾ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടത്.
ദില്ലി: സെർവർ തകരാർ മൂലം താറുമാറായ എയർ ഇന്ത്യയുടെ സർവ്വീസുകൾ രണ്ടാം ദിവസവും പൂർണമായി പരിഹരിക്കാനായില്ല. ഇന്ന് രാവിലെ വരെ 137 സർവ്വീസുകൾ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടത്. നാളെ വൈകുന്നേരത്തോടെ സർവ്വീസുകൾ സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നര മുതൽ ആരംഭിച്ച സെർവർ തകരാർ ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. സെർവർ തകരാറായതോടെ ബോർഡിങ് പാസ് നൽകാനാവാത്തതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു. രാജ്യാന്തര ഐടി സേവനദാതാക്കളായ സിതയാണ് എയർ ഇന്ത്യക്ക് സാങ്കേതിക സഹായം നൽകുന്നത്.
ആദ്യഘട്ടത്തിൽ കാരണം എന്തെന്ന് വിശദീകരിക്കാൻ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായതുമില്ല. യാത്ര അനിശ്ചിത്വത്തിലായതോടെ യാത്രക്കാരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങൾ വഴി പുറത്തറിയുന്ന സാഹചര്യം ഉണ്ടായി. സെർവർ തകരാറിലായതോടെ 19 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ആറ് മണിക്കൂറിന് ശേഷമാണ് സെർവർ തകരാര്‍ പരിഹരിച്ചത്. വൈകീട്ടോടെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് ആകുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി അശ്വമി ലൊഹാനി അറിയിച്ചിരുന്നത്.
എന്നാല്‍, രണ്ടാം ദിവസവും പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. ലോകമെമ്പാടുമുള്ള വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കിടയിലെ അനിശ്ചിതത്വം യാത്രക്കാര്‍ക്കിടയിൽ വലിയ അസംതൃപ്തിയാണ് ഉണ്ടാക്കുന്നത്.
