മുംബൈ : നഗരത്തിലെ പരേലിൽ വെച്ച് അബദ്ധവശാൽ സേഫ്റ്റി പിൻ വിഴുങ്ങിപ്പോയ വെറും പതിനാലു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിച്ച സിവിൽ പൊലീസ് ഓഫീസറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. മുംബൈ പൊലീസിലെ കോൺസ്റ്റബിൾ ആയ എസ് കൊലേക്കർ ആണ് ഈ ധീരകൃത്യം ചെയ്ത് ഡിപ്പാർട്ട്മെന്റിന്റെ യശസ്സുയർത്തിയിരിക്കുന്നത്. തെരുവിൽ ഡ്യൂട്ടിക്കിടെയാണ് കൊലേക്കർ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലും അച്ഛനമ്മമാരുടെ അങ്കലാപ്പും നേരിൽ കാണാനിടയായത്. കണ്ട ആ നിമിഷം തന്നെ മനസ്സാന്നിധ്യം വെടിയാതെ ചെയ്യേണ്ട കാര്യം ഒരു നിമിഷം പോലും വൈകാതെ അയാൾ ചെയ്തു. 

തന്റെ ബൈക്കിന്റെ പിന്നിൽ അച്ഛന്റെ മടിയിൽ ഇരുത്തി ആ കുഞ്ഞിനെ അയാൾ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് തൊട്ടടുത്തുള്ള കിംഗ് എഡ്‌വേഡ്‌ മെമ്മോറിയൽ ആശുപത്രിയിലെത്തിക്കാൻ കൊലെക്കറിന് കഴിഞ്ഞു. അവിടെ നിന്ന് അടിയന്തര ചികിത്സ കിട്ടിയതോടെ കുഞ്ഞിന്റെ ജീവനും രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. 

" നിങ്ങൾക്ക് എന്തെങ്കിലും പരിഭ്രാന്തി തോന്നിയാൽ ഉടനടി പൊലീസിനെ വിളിക്കുക. അറിയാതെ സേഫ്റ്റി പിൻ വിഴുങ്ങിയ പതിനാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുംബൈ പൊലീസ് കോൺസ്റ്റബിൾ എസ് കോലേക്കർ  KEM ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. " എന്ന കാപ്ഷ്യനോടെ മുംബൈ പോലീസും വിവരം തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ വഴി പങ്കിട്ടു. 

ആ ട്വീറ്റ് വനത്തിനു പിന്നാലെ നിരവധി പേര് അത് റീട്വീറ്റ് ചെയ്യുകയും അഭിനന്ദനങ്ങൾ കൊണ്ട് പിസി കൊലേക്കറിനെ മൂടുകയും ചെയ്തു. കണ്മുന്നിൽ നടന്ന അപകടം തികഞ്ഞ മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രം പരിഹരിച്ച പിസി കൊലേക്കറാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ ഹീറോ.