Asianet News MalayalamAsianet News Malayalam

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

അതിനിടെ ഇന്ന് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 13 കക്ഷി നേതാക്കൾ പങ്കെടുത്തു

14 opposition parties moves Supreme court against Central Govt kgn
Author
First Published Mar 24, 2023, 10:52 AM IST

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാർഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

സംയുക്തമായാണ് പ്രതിപക്ഷ പാർട്ടികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന് പുറമെ ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഈ ഹർജിയെ കുറിച്ച് അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി പരാമർശിച്ചിരുന്നു. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വിമർശനം. ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ സുപ്രീം കോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

അതിനിടെ രാഹുൽ ഗാന്ധിക്കെതിരായ വിധിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുകയാണ്. 12 രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വലിയ പ്രതിപക്ഷ പിന്തുണ കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതിൽ നിന്ന് പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും തെലങ്കാന ഭരിക്കുന്ന ബിആർഎസും വിട്ടുനിന്നു. പല വിഷയത്തിലും കോൺഗ്രസിനെ ബിആർഎസും തൃണമൂൽ കോൺഗ്രസും പിന്തുണക്കാത്ത സാഹചര്യമാണെങ്കിലും ഇന്നത്തെ യോഗത്തിൽ ഇരുവരും പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. പാർലമെന്റിലെ യോഗത്തിൽ ഡിഎംകെ, ആർഎസ്പി, സിപിഎം, ജെഡിയു, വിസികെ, ഐയുഎംഎൽ,എഎപി, എസ്‌പി, സിപിഐ തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Follow Us:
Download App:
  • android
  • ios