പെണ്‍കുട്ടിയെ തിരഞ്ഞുപിടിച്ച്‌ കാരണം തിരക്കിയപ്പോഴാണ്‌ ഒളിച്ചോട്ടത്തിന്‌ പിന്നില്‍ ടിക്‌ ടോക്‌ ആണെന്ന്‌ മനസ്സിലായത്‌.

മുംബൈ: മാതാപിതാക്കള്‍ക്ക്‌ കത്തെഴുതി വച്ച്‌ പതിനാലുകാരി വീടുപേക്ഷിച്ച്‌ പോകാന്‍ കാരണം ടിക്‌ ടോക്‌ ആരാധന. ഒരിക്കലും തിരികെ വരില്ലെന്നും സ്വാശ്രയയാവാന്‍ വേണ്ടിയാണ്‌ വീടുപേക്ഷിച്ചു പോകുന്നതെന്നുമാണ്‌ പെണ്‍കുട്ടി കത്തിലെഴുതിയത്‌. എന്നാല്‍, പെണ്‍കുട്ടിയെ തിരഞ്ഞുപിടിച്ച്‌ കാരണം തിരക്കിയപ്പോഴാണ്‌ ഒളിച്ചോട്ടത്തിന്‌ പിന്നില്‍ ടിക്‌ ടോക്‌ ആണെന്ന്‌ മനസ്സിലായത്‌.

'മമ്മീ, ഞാന്‍ വീട്‌ വിട്ടുപോകുന്നു. ബാബായുടെ (അച്ഛന്റെ) കാര്യത്തില്‍ ഞാന്‍ ദുഖിതയാണ്‌. എന്നെക്കുറിച്ച്‌ ഒരുപാട്‌ ആലോചിക്കരുത്‌. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യരുത്‌. ഞാനേതെങ്കിലും ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടുകയാണെന്ന്‌ കരുതരുത്‌. സത്യം അതല്ല. ഞാനാരുടെയും കൂടെ പോകുകയല്ല'- പെണ്‍കുട്ടി കത്തിലെഴുതി. കത്ത്‌ കണ്ട്‌ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ്‌ പെണ്‍കുട്ടിയെ കണ്ടെത്തി. ടിക്‌ ടോകില്‍ താരമായ നേപ്പാള്‍ സ്വദേശിയായ പതിനാറുകാരനെ നേരില്‍ കാണാനാണ്‌ വീടുവിട്ടിറങ്ങിയതെന്ന്‌ പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു. ആണ്‍കുട്ടികളോട്‌ സംസാരിക്കാന്‍ പോലും പിതാവ്‌ തന്നെ അനുവദിക്കാറില്ല. സുഹൃത്തിനോട്‌ സംസാരിച്ചതിന്റെ പേരില്‍ പിതാവ്‌ ഉച്ചത്തില്‍ ശകാരിച്ചു. വീട്ടിലെ നിയന്ത്രണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെക്കുറിച്ച്‌ കൂട്ടുകാരി നല്‍കിയ വിവരങ്ങളാണ്‌ അന്വേഷണത്തില്‍ പൊലീസിന്‌ സഹായകമായത്‌. പെണ്‍കുട്ടി ടിക്‌ ടോക്‌ വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ടെന്നും ടിക്‌ ടോക്‌ താരമായ റിയാസ്‌ അഫ്രീന്റെ ആരാധികയാണെന്നും കൂട്ടുകാരി പൊലീസിനോട്‌ പറഞ്ഞിരുന്നു.