ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. കുട്ടിയുടെയും മാതാപിതാക്കളുടെയും തീരുമാനം മാനിക്കുന്നതായും കോടതി വ്യക്തമാക്കി.
ജബൽപൂർ: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകാൻ വിസമ്മതിക്കുന്നതിനെ തുടർന്ന് നാല് വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. 14 വയസുള്ള പെൺകുട്ടി ഗർഭവതിയായി തുടർന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുൾപ്പെടെ വിശദീകരിച്ചിട്ടും ഗർഭഛിദ്രത്തിന് വിസമ്മതിക്കുകയാണ് കുടുംബം. കുട്ടിയുടെ ആരോഗ്യം പരിഗണിച്ചാണ് ഗർഭഛിദ്രത്തിന് സമ്മതിക്കാത്തതെന്നാണ് കുടുംബം പറയുന്നത്.
ഇരയും അവളുടെ മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അവർ ഗർഭം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കുന്നു. ഈ ഹർജിയിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതില്ല. അവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അമിത് സേത്ത് ആണ് വിധി പറഞ്ഞത്.
ബലാഘട്ടിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഏഴര മാസം ഗർഭിണിയാണ്. ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച് ജൂൺ 5 ന് കോടതി സ്വന്തം നിലയിൽ ഹർജി ആരംഭിക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
ഏത് സാഹചര്യത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തിന് ഇത്രയും കാലതാമസം നേരിട്ടത് എന്നതിനെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും കേസ് ഡയറിയും സഹിതമുള്ള ഒരു റിപ്പോർട്ട് കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
