ചെന്നൈ: ട്രെയിനിന്‍റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 14 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവം. തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച  ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരൻ ആണ് മരിച്ചത്.

അപകടം നടക്കുന്ന സമയത്ത് തൊട്ടുത്ത പ്ലാറ്റ്ഫോമില്‍  ജ്ഞാനേശ്വരന്‍റെ അച്ഛനുമുണ്ടായിരുന്നു. സിവിൽ സപ്ലൈസ്  വകുപ്പിലാണ് കുട്ടിയുടെ പിതാവിന് ജോലി. റെയിൽ‌വേ സ്റ്റേഷനിൽ പരിശോധന ജോലികൾ ഉള്ളതിനാൽ ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടറായ പിതാവ് മകനെ കൂടെ സ്റ്റേഷനിലേക്ക് കൊണ്ടുന്നു. ഇവിടെ വച്ചാണ് അപകടം നടന്നത്.

സ്റ്റേഷനിലെത്തിയ പതിനാലുകാരന്‍ അച്ഛന്‍ ജോലി ചെയ്യുന്ന പ്ലാറ്റ് ഫോമിന് തൊട്ടപ്പുറത്ത് കിടന്നിരുന്ന ട്രെയിനിന്‍റെ എഞ്ചിനിലേക്ക് സെല്‍ഫിയെടുക്കാന്‍ കയറി. സെല്‍ഫി ശ്രമത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.