Asianet News MalayalamAsianet News Malayalam

Nagaland Firing : ഗ്രാമീണ‍ർ കൊല്ലപ്പെട്ട നാഗാലാൻഡ് വെടിവെപ്പ്: സംഘ‍ർഷമൊഴിയാതെ മേഖല, മോൺ ജില്ലയിൽ നിരോധനാജ്ഞ

വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കാൻ തീരുമാനമായിട്ടുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും

144 in mon district after nagaland firing, government appoints five member team to probe
Author
Kohima, First Published Dec 5, 2021, 10:43 PM IST

കൊഹിമ: സുരക്ഷാസേനയുടെ വെടിവയ്പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘർഷം നാഗാലാൻഡിൽ  രൂക്ഷമായി തുടരുന്നു (Nagaland firing). പതിമൂന്ന്  ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ  നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഘർഷം നേരിടാൻ മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ ഭരണകൂടം നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. സംഘർഷം മറ്റ് മേഖലകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘർഷ മുണ്ടാക്കിയാൽ കർശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കാൻ തീരുമാനമായിട്ടുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി (Nagaland Chief Minister) നെയ്ഫിയു റിയോ (Neiphiu Rio)  അടക്കമുള്ളവ‍ർ ചടങ്ങിൽ പങ്കെടുക്കും.

നാഗാലാൻഡ് വെടിവെപ്പ് : അന്വേഷണത്തിന് അഞ്ച് അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ

അതിനിടെ നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘർഷം ഇപ്പോഴും രൂക്ഷമാണ്. അസം റൈഫിൾസ് ക്യാമ്പിന്(Assam Rifles Camp) നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. ഇതിനു പിന്നാലെ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ (Kohima) ഹോൺബിൽ ഫെസ്റ്റിവലടക്കം റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്നാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചത്.

നാഗാലാന്റിൽ സംഘർഷാവസ്ഥ, അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റർനെറ്റ് വിച്ഛേദിച്ചു

ഗ്രാമീണർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പാണ് നാട്ടുകാർ ആക്രമിച്ചത്. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ ആകാശത്തേക്ക് വെടിവെച്ചു.

 

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകള്‍ തീയിട്ട് നശിപ്പിച്ചു. സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസും,.തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.

ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? നാഗാലാന്‍റ് വെടിവെപ്പിന്‍റെ യാഥാർത്ഥ്യം കേന്ദ്രം വ്യക്തമാക്കണം: രാഹുൽ

നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നാണ് സംഭവത്തെ അപലപിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

 

Follow Us:
Download App:
  • android
  • ios