മുംബൈ: ഇന്ത്യൻ നാവിക സേനയിലെ 15 ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ പശ്ചിമ നാവിക കമാൻഡിലെ ഐഎൻഎസ് ആംഗ്രയിലെ നാവികർക്കാണ് രോഗം സ്ഥിരീകരിച്ചത്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്‌. ഇതാദ്യമായാണ് നാവികസേനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്.

രോഗ ബാധിതരെ മുംബൈയിലെ നേവൽ ആശുപത്രിയിലെ ഐസോലേഷനിലേയ്ക്ക് മാറ്റി. അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമുള്ള ഡോക്യാർഡ് ഇതിനടുത്താണ്. രോഗബാധിതർ ആരൊക്കെയായി ഇടപഴകിയെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേരത്തെ ഇന്ത്യൻ സൈന്യത്തിലെ എട്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ആകെ റിപ്പോർട്ട് ചെയ്ത 3320 കേസുകളിൽ 2003 എണ്ണവും മുംബൈയിലാണ്. 201 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

Also Read: രാജ്യത്ത് കൊവിഡ് ​ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക്; മരണം 450 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 32 പേര്‍