ഭഗല്‍പുര്‍: ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 15 കാരന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ജാര്‍ഖണ്ഡില്‍ താമസിക്കുന്ന ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയായ ബാലനാണ് കത്തെഴുതിയത്. തന്‍റെ മാതാപിതാക്കള്‍ നിരന്തരം വഴക്കുകൂടുന്നതില്‍ മനംനൊന്താണ് ബാലന്‍ കത്തെഴുതിയത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. 

അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ജീവനക്കാരിയുമാണ്. ഇവര്‍ നിത്യം വഴക്കിടുന്നത് തന്‍റെ പഠനത്തെ ബാധിക്കുന്നുവെന്നും സമാധാനം നഷ്ടപ്പെടുന്നുവെന്നുമാണ് ബാലന്‍ കത്തില്‍ വ്യക്തമാക്കിയത്. അമ്മയുടെ നിര്‍ദേശ പ്രകാരം ക്യാന്‍സര്‍ ബാധിതനായ അച്ഛനെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബാലന്‍ കത്തില്‍ ആരോപിച്ചു. 

ബിഹാര്‍ ഭഗല്‍പുരിലെ കഹല്‍ഗാവില്‍ മുത്തച്ഛന്‍റെ കൂടെയായിരുന്നു ബാലന്‍ താമസിച്ചിരുന്നത്. പിന്നീട് പഠനത്തിനായി ജാര്‍ഖണ്ഡിലെ ഡിയോഘറില്‍ മാതാപിതാക്കളുടെ അടുത്തെത്തി. ബാലന്‍റെ അച്ഛന്‍റെ ബന്ധുക്കള്‍ കുട്ടിയുടെ അമ്മക്കെതിരെ ആരോപണവുമായി രംഗത്തെത്തി. പ്രശ്നങ്ങള്‍ക്ക് കാരണം യുവതിയാണെന്നും ഇവര്‍ ആരോപിച്ചു.