കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്ന പ്രതിയായ നൂഹ് സ്വദേശിയായ 22കാരനായി അന്വേഷണം ഊർജിതമാക്കിയതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കടുത്ത വയറുവേദനയെത്തുടർന്ന് സോഹ്നയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാകുന്നത്. അതുവരെ വീട്ടുകാർക്കോ പെൺകുട്ടിക്കോ ഇക്കാര്യം അറിയുമായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് ഒന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത വിവരം കുട്ടി വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഗുരുഗ്രാം പൊലീസ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 1-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. പേടി കാരണം താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പെട്ടന്നൊരു ദിവസം ഇൻസ്റ്റഗ്രാം സുഹൃത്ത് പെൺകുട്ടിയുമായുള്ള ആശയവിനിമയം നിർത്തി. ഇതോടെ ഒന്നാം തീയതി പെൺകുട്ടി ഇയാളെ തിരഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. ഇക്കാര്യം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നില്ല. ഒടുവിൽ കുട്ടിക്കായി വീട്ടുകാർ അന്വേഷണം നടത്തവെ കഴിഞ്ഞ ചൊവ്വാഴ്ച 15 കാരി വീട്ടിൽ തിരിച്ചെത്തി.
കഠിനമായ അസുഖ ബാധയെത്തുടർന്ന് തീരെ അവശയായ നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാർ പെൺകപട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടെയും നവജാതശിശുവിന്റെയും ആരോഗ്യനില മെച്ചപ്പെട്ടെന്നും വീട്ടുകാരുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്തെടുക്കുന്നതിനായി എൻജിഒയ്ക്കു നൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


