ഭോപ്പാല്‍: കഴിഞ്ഞ ഒരാഴ്ചയായി സ്കൂള്‍ ക്ലാസ് മുറിയില്‍ കൂട്ടത്തോടെ പൂട്ടിയിട്ട  17 പശുക്കള്‍ ചത്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ചയായി പശുക്കള്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും പട്ടിണി മൂലമാണ് പശുക്കള്‍ ചത്തതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

''ഗ്വാളിയോറിലെ ദാബ്രയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തതായി അറിഞ്ഞു. ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.''-മുഖ്യമന്ത്രി പറഞ്ഞു. 

അവധിയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളിലെ ക്ലാസ് മുറിയിലാണ് അലഞ്ഞുതിരിഞ്ഞ് വിള നശിപ്പിച്ചിരുന്ന പശുക്കളെ കൂട്ടത്തോടെ കൊണ്ടുവന്ന് പൂട്ടിയിട്ടത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. അവധിക്ക് ശേഷം സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളാണ് പശുക്കളെ ചത്തനിലയില്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമാരി രംഗത്തെത്തി. പശുക്കളെ സ്കൂള്‍ വളപ്പില്‍ കുഴിച്ചിടാനുള്ള ഗോ രക്ഷകരുടെ നീക്കം പൊലീസ് തടഞ്ഞു.