ഭോപ്പാലിൽ വിരമിച്ച ചീഫ് എഞ്ചിനീയറുടെ വീടുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. പണം, സ്വർണം, വെള്ളി, ആഡംബര കാറുകൾ എന്നിവയ്ക്ക് പുറമെ ഫാം ഹൗസിൽ നിന്ന് 17 ടൺ തേനും പിടിച്ചെടുത്തു.
ഭോപ്പാൽ: പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയറുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളുടെ പട്ടിക കണ്ടാൽ അന്തംവിട്ടു പോകും. പണം, സ്വർണം, വെള്ളി എന്നിവയ്ക്കൊപ്പം 17 ടണ്‍ തേനും കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിൽ ചീഫ് എഞ്ചിനീയറായിരുന്ന ജി പി മെഹ്‌റയുടെ വീടുകളിലാണ് അഴിമതി വിരുദ്ധ ഓംബുഡ്‌സ്‌മാനായ ലോകായുക്ത റെയ്ഡ് നടത്തിയത്. അളവറ്റ സമ്പത്ത് കണ്ട് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി.
അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. കണ്ടെത്തിയ പണം എണ്ണിത്തീർക്കാൻ മെഷീനുകൾ കൊണ്ടുവരേണ്ടിവന്നു. 3 കോടിയിലേറെ വിലമതിക്കുന്ന സ്വർണവും കിലോക്കണക്കിന് വെള്ളിയും പിടിച്ചെടുത്തു. ഫാം ഹൗസിൽ കണ്ടെത്തിയത് 17 ടൺ തേനാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) റാങ്കിലുള്ള ലോകായുക്ത ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഭോപ്പാലിലും നർമ്മദാപുരത്തുമായി നാല് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ജി പി മെഹ്‌റയുടെ മണിപുരം കോളനിയിലെ ആഡംബര വീട്ടിൽ നിന്ന് 8.79 ലക്ഷം രൂപയും 50 ലക്ഷം രൂപയുടെ ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളും കണ്ടെത്തി. രണ്ടാമത്തെ വീടായ ദാനാ പാനിക്ക് സമീപമുള്ള ഓപൽ റീജൻസിയിലെ ലക്ഷ്വറി അപ്പാർട്ട്‌മെന്റിലാണ് സ്വർണവും പണവും കൂടുതലായി ഒളിപ്പിച്ചിരുന്നത്. 26 ലക്ഷം രൂപ, 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം സ്വർണം, 5.5 കിലോഗ്രാം വെള്ളി എന്നിവയാണ് കണ്ടെത്തിയത്.
നർമ്മദാപുരം ജില്ലയിലുള്ള സോഹാഗ്പൂർ താലൂക്കിലെ സൈനി ഗ്രാമത്തിലുള്ള മെഹ്‌റയുടെ ഫാം ഹൗസിലും റെയ്ഡ് നടത്തി. അവിടെ 17 ടൺ തേൻ, ആറ് ട്രാക്ടറുകൾ, നിർമ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകൾ, ഏഴ് പൂർത്തിയായ കോട്ടേജുകൾ എന്നിവയെല്ലാം അവിടെയുണ്ടായിരുന്നു. നാല് ആഡംബര കാറുകളും ഇവിടെ നിന്ന് കണ്ടെത്തി.
36.04 ലക്ഷം രൂപ, 2.649 കിലോഗ്രാം സ്വർണം, 5.523 കിലോഗ്രാം വെള്ളി, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഓഹരി രേഖകൾ, നിരവധി വസ്തുവകകൾ, നാല് ആഡംബര കാറുകൾ എന്നിവയാണ് മൂന്നിടത്തു നിന്നുമായി പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യനിർണയം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിടിച്ചെടുത്ത രേഖകൾ, ഡിജിറ്റൽ ഫയലുകൾ, ബാങ്കിംഗ് രേഖകൾ എന്നിവ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ബിനാമി സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


