ബെംഗളൂരു: 170 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഇതരമതസ്ഥർക്കായി തുറന്നുകൊടുത്തു. ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന മോദി പള്ളിയിലാണ്​​ ഞായറാഴ്​ച മുസ്ലിം ഇതരവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചത്​. ‘എ​​ന്റെ പള്ളി സന്ദർശന ദിനം’ എന്ന പേരിൽ റഹ്മത്ത്​ ഗ്രൂപ്പാണ് സന്ദർശനം ഒരുക്കിയത്​.

170 പേർക്കായിരുന്നു സന്ദര്‍ശനം അനുവദിച്ചിരുന്നതെങ്കിലും ഉച്ചയോടെ നാന്നൂറിലധികം ആളുകളാണ് പള്ളിയിലെത്തിയത്. മതസൗഹാർദ്ദവും ഒരുമയും അണയാതെ സൂക്ഷിക്കുക എന്ന സന്ദേശമാണ്​ ഇതിലൂടെ നൽകുന്നതെന്ന്​ സംഘാടകർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

'ഇതൊരു അരാഷ്ട്രീയ ചടങ്ങാണ്. ഇസ്ലാമിനെക്കുറിച്ചും മസ്ജിദ് സംസ്കാരത്തെക്കുറിച്ചും ഇതര മതസ്ഥർക്ക് മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഭൂരിഭാഗം പേർക്കും മസ്ജിദുകളുടെ പ്രവർത്തനരീതി എങ്ങനെയാണെന്ന് അറിയില്ല. അതുകൂടി കണക്കിലെടുത്താണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഇതൊരു മികച്ച വിജയമായി. വരും ദിവസങ്ങളിൽ ഇതുപോലെ സന്ദര്‍ശന പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്' റഹ്മത്ത് പ്രതിനിധി പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാപാരിയായ മോദി അബ്ദുൽ ഗഫൂറിന്റെ പേരിലാണ് ഈ പള്ളിക്ക് പേര് നൽകിയത്. ഈ പള്ളിക്ക് പുറമെ മോദി മസ്ജിദ് എന്നറിയപ്പെടുന്ന രണ്ട് പള്ളികൾ കൂടി ബെംഗളൂരുവിൽ ഉണ്ട്.