Asianet News MalayalamAsianet News Malayalam

Kanpur Raid : കാൺപൂരിൽ വ്യവസായിയുടെ വീട്ടിൽ നിന്ന് 177 കോടി പിടിച്ചു, 36 മണിക്കൂർ നീണ്ട റെയ്ഡ്

പരിശോധന നടത്തിയ സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. 

177 crore seized from piyush jain kanpur house
Author
Delhi, First Published Dec 25, 2021, 9:35 AM IST

ദില്ലി : ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ കള്ളപ്പണ വേട്ട (Kanpur Raid ). പിയൂഷ് ജെയിൻ (Piyush Jain) എന്ന വ്യവസായിയിൽ നിന്ന് 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം  കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. 

പീയൂഷ് ജെയിന്റെ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്ലാസ്റ്റിക് കവറിൽ റിബ്ബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറൻസികൾ സൂക്ഷിച്ചിരുന്നത്. നോട്ടു കെട്ടുകൾ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ കറൻസി സൂക്ഷിച്ചിരിക്കുന്നതിന്‍റെയും ഉദ്യോഗസ്ഥർ പണമെണ്ണുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിയൂഷ് ജെയിന്റെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളും ഇയാളിൽ നിന്നും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തി. ഒടുവിൽ കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്. ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ്  പറയുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോർട്ടുകൾ.  സമാജ്‌വാദി പാർടിയുടെ പേരിൽ ‘സമാജ്‌വാദി അത്തർ’ പുറത്തിറക്കിയതും ജെയിനാണ്.  ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios