നീണ്ട 7 മാസത്തെ അന്വേഷണത്തിനൊടുവിൽ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ, വിവാഹം കഴിച്ച ഒരാൾക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി ആധാർ ഒ.ടി.പി ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് പൊലീസിന് ലൊക്കേഷൻ തിരിച്ചറിയനായത്.
ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണണാതായ കർണ്ണാടക വിദ്യാർണ്യപുരം സ്വദേശിയായ 18 വയസുകാരിയെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ജനുവരി 31-നാണ് രണ്ടാം വർഷ പി.യു.സി. വിദ്യാർത്ഥിനിയെ കാണാതായത്. നീണ്ട 7 മാസത്തെ അന്വേഷണത്തിനൊടുവിൽ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ, വിവാഹം കഴിച്ച ഒരാൾക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി ആധാർ ഒ.ടി.പി ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് പൊലീസിന് ലൊക്കേഷൻ തിരിച്ചറിയനായത്. പെൺകുട്ടി വിവാഹിതയും ഗർഭിണിയുമാണെന്ന് പൊലീസ് അറിയിച്ചു.
കോളേജിലേക്ക് പോകുകയാണെന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ആധാർ കാർഡുകളും കോളേജ് ബാഗുകളും ഒഴികെ, മൊബൈൽ ഫോണുകളോ മറ്റ് സാധനങ്ങളോ ഇവർ കൈവശം കരുതിയിരുന്നില്ല. തുടർന്ന് ഇവർ മലൈ മഹാദേശ്വര ഹിൽസിലേക്ക് യാത്ര ചെയ്യുകയും പിന്നീട് വേർപിരിയുകയും ചെയ്തു. പൊലീസ് വിവിധ സംഘങ്ങളായി തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തു.
പെൺകുട്ടി തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഒരു സർക്കാർ ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും ഇതിനായി ഭർത്താവിന്റെ ഫോൺ നമ്പർ നൽകുകയും ചെയ്തിരുന്നു. ആധാർ അപ്‌ഡേഷനായി ലഭിച്ച ഈ ഒ.ടി.പി പിന്തുടർന്ന പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കനകപുരയിലെ ഒരു ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു. കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.


