ദില്ലി: വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് 1800ഓളം സന്നദ്ധസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 12നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി നേരിട്ടവരുടെ ലിസ്റ്റിലുണ്ട്. ഇതോടെ ലിസ്റ്റില്‍പ്പെട്ട സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കില്ല. 

യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാന്‍, അലഹാബാദ് കാര്‍ഷിക ഇന്‍സ്റ്റ്യൂട്ട്,  ഗുജറാത്ത് വൈഎംസിഎ, സ്വാമി വിവേകാനന്ദ എഡ്യൂകേഷന്‍ സൊസേറ്റി കര്‍ണ്ണാടക എന്നിവയെല്ലാം ഫോറീന്‍ കോണ്‍ട്രീബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലംഘിച്ചുവെന്നാണ് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിക്കുന്നത്. 

ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും. വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി എന്നാണ് അറിയുന്നത്. എഫ്.സി.ആര്‍.എ നിയമപ്രകാരം ഈ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒരു സാമ്പത്തിക വര്‍ഷം കഴിഞ്ഞ് 9 മാസത്തിനുള്ളില്‍ ആ സാമ്പത്തിക വര്‍ഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാറിന് സമര്‍പ്പിക്കണം എന്നാണ് പറയുന്നത്.

2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ആഭ്യനന്തര മന്ത്രാലയം ഇതുവരെ 14,800 സന്നദ്ധ സംഘടനകള്‍ക്കെതിരെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിന് നടപടി എടുത്തിട്ടുണ്ട്.