വയനാട്: വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദർശിച്ചു. കൃഷി മന്ത്രി വി എസ് സുനിൽ കുമാറും വിദ്യാഭ്യാസ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഷഹലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് ഇത് വരെ സർക്കാർ സ്വീകരിച്ച നടപടികൾ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. 

പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. ഇനി അത്തരം ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ രവീന്ദ്രനാഥ് സ്കൂളിന് രണ്ട് കോടി രൂപ ഉടൻ അനുവദിക്കുമെന്ന് അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വയനാട്ടിലെ എല്ലാ സ്കൂളുകളിലും ഉടൻ പരിശോധന നടത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വലിയ പ്രതിഷേധമാണ് വയനാട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉണ്ടായത്. സി രവീന്ദ്രനാഥിനെ കൽപറ്റയിൽ വച്ച് എംഎസ്എഫ് പ്രവർത്തകരും ബത്തേരിയിൽ വച്ച്  ബിജെപി പ്രവർത്തകരും കരിങ്കൊടി കാട്ടി. സ്കൂളിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു.