വൈകുന്നേരം 7.30ഓടെയാണ് ഗാംഗ്പിമുവാല്‍ ഗ്രാമത്തില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. 

മണിപ്പൂരില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് (Manipur Assembly Elections) മുന്‍പ് നടന്ന സ്ഫോടനത്തില്‍ (Churachandpur Blast) രണ്ട് പേര്‍ കൊല്ലപ്പെട്ടു അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമാണ് മണിപ്പൂരിലെ (Manipur) ചുരാചന്ദ്പൂര്‍ ജില്ലയില്‍ സ്ഫോടനമുണ്ടായത്. വൈകുന്നേരം 7.30ഓടെയാണ് ഗാംഗ്പിമുവാല്‍ ഗ്രാമത്തില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. യാദൃശ്ചികമായി ഉണ്ടായ സ്ഫോടനമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.

ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്ല് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെയാണ് ആറു വയസ് പ്രായമുള്ള കുട്ടി മരിച്ചത്. ആറ് വയസുള്ള മാഗ്മിന്‍ലാലും 22 വയസുള്ള ലാഗ്ഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. സ്ഫോടന നടന്ന സ്ഥലത്ത് മോര്‍ട്ടാര്‍ ഷെല്ലിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂര്‍ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്ഫോടനമുണ്ടാവുന്നത്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ അടക്കം 173 സ്ഥാനാര്‍ത്ഥികളാണ് മത്സരംരംഗത്തുള്ളത്. 1222713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യുക. സ്ഫോടനത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ജില്ലാ കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളുടെ അണികള്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുകയും പ്രാധനമന്ത്രിയടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു.കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

മുഴുവന്‍ സീറ്റുകളിലക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിപ്പൂര്‍ ബിജെപിയില്‍ കലാപം രൂക്ഷമായത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ബിരേണ്‍ സിംഗിന്‍റെും കോലം കത്തിച്ച പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ ആക്രമിച്ചു. പിന്നാലെ ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് സുരക്ഷ ഏര്‍പ്പെടുത്തി.പിസിസി അധ്യക്ഷനായിരുന്ന കന്തുജാം ഗോവിന്ദ് ദാസടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് പേര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രകോപന കാരണം. 

തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ട രാജി നടന്നതായും റിപ്പോര്‍ട്ടുണ്ട്.മണിപ്പൂരിലെ സംഭവം ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചുവെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തലില്‍ ഇക്കുറി ആരുമായും സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്.