തമിഴക വെട്രി കഴകം എന്ന സ്വന്തം പാർട്ടിയിലൂടെ 108 സീറ്റുകൾ നേടി ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ്, ഒരു കാലത്ത് കോൺഗ്രസ് വാഗ്ദാനം നിരസിച്ച വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയുടെ പൂർത്തീകരണമായി മാറി.

ക്തമായ രാഷ്ട്രീയ മാറ്റങ്ങൾക്കും നാടകീയമായ കൂടുമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. ഒരിക്കൽ കോൺഗ്രസ് പാളയത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്ന ദളപതി വിജയ്, ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുലിനെ 'സഹോദരൻ' എന്ന് അഭിസംബോധന ചെയ്ത് വിജയ് നന്ദി രേഖപ്പെടുത്തിയപ്പോൾ, ആരാധകർക്കും രാഷ്ട്രീയ നിരീക്ഷകർക്കും അത് കേവലം ഒരു ചടങ്ങല്ല, മറിച്ച് വർഷങ്ങൾ നീണ്ട ഒരു രാഷ്ട്രീയ പരിണാമത്തിന്റെ പൂർത്തീകരണമായിരുന്നു. 108 സീറ്റുകൾ നേടി തമിഴ് മണ്ണിൽ അധികാരം പിടിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സത്യപ്രതിജ്ഞാ വേദിയിൽ നിൽക്കുമ്പോൾ രാഹുൽ 2009-ലെ ആ നിർണ്ണായക കൂടിക്കാഴ്ചയെക്കുറിച്ച് ഓർക്കുന്നുണ്ടാകും. അന്ന് രാഹുലിന്റെ ക്ഷണപ്രകാരം ഡൽഹിയിലെത്തിയ വിജയ്‌ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം എന്ന വാഗ്ദാനം വെച്ചിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പദവി ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും, പ്രാഥമിക താൽപ്പര്യത്തിന് ശേഷം വിജയ് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അന്ന് കോൺഗ്രസിന്റെ ഭാഗമാകാൻ വിസമ്മതിച്ച അതേ വിജയ്, ഇന്ന് സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി തമിഴ്നാടിന്റെ അമരത്തെത്തി എന്നത് കാലത്തിന്റെ കാവ്യനീതിയാണ്.

വിജയ്‌യുടെ വിജയത്തിൽ അഞ്ച് സീറ്റുകളുമായി ഭരണസഖ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ ആശ്വാസമാണ് നൽകുന്നത്. 2009 ൽ തുടങ്ങിയ ആ സൗഹൃദം ഇന്ന് നിർണ്ണായകമായ ഒരു രാഷ്ട്രീയ സഖ്യമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ജനപ്രീതിയും യുവ വോട്ടർമാരുടെ പിന്തുണയും ഉപയോഗിച്ച് തമിഴ്നാട് തൂത്തുവാരാമെന്ന വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. ഒരു കാലത്ത് വഴിപിരിഞ്ഞവർ ഇന്ന് അധികാരത്തിന്റെ തണലിൽ കൈകോർക്കുമ്പോൾ തമിഴ്നാട് രാഷ്ട്രീയം ഒരു പുതിയ വഴിത്തിരിവിലാണ്.