Asianet News MalayalamAsianet News Malayalam

ബിജെപി തന്ത്രങ്ങള്‍ പൊളിച്ച് രാജസ്ഥാനില്‍ വെന്നിക്കൊടി പാറിച്ച് കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിന്‍റെ ദേശീയ മുഖങ്ങളിലൊന്നായ വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്

2020 Indian Rajya Sabha elections MP K C Venugopal Bio
Author
Delhi, First Published Jun 19, 2020, 6:34 PM IST

ദില്ലി: രണ്ട് തവണ ലോക്സഭയിലും കേന്ദ്ര മന്ത്രിസഭയിലുമെത്തിയ കെ സി വേണുഗോപാല്‍ ഇനി രാജ്യസഭയില്‍. കോണ്‍ഗ്രസിന്‍റെ ദേശീയ മുഖങ്ങളിലൊന്നായ കെ സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. വേണുഗോപാലിന് 64 വോട്ട് ലഭിച്ചു. 2017ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ കെ സി വേണുഗോപാല്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെര‍ഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍റെ ചുമതലക്കാരനായിരുന്നു. 

കെ സിയുടെ കോര്‍ട്ടില്‍ വോളിബോളും രാഷ്‌ട്രീയവും

1963 ഫെബ്രുവരി നാലിന് കണ്ണൂര്‍ ജില്ലയിലെ കണ്ടോന്താറിലാണ് കെ സി വേണുഗോപാല്‍ ജനിച്ചത്. പിതാവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പിയും മാതാവ് ജാനകിയമ്മയുമാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായി. സ്കൂളില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റായിരുന്നു. പിന്നീട് പയ്യന്നൂര്‍ കോളേജിലെ പഠനകാലത്ത് തുടര്‍ച്ചയായി അഞ്ചുവര്‍ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് പഠനകാലത്ത് വോളിബോള്‍ ടീം ക്യാപ്റ്റനും ഒപ്പം യൂണിവേഴ്സിറ്റി ടീമംഗവുമായിരുന്നു. മാത്തമാറ്റിക്സില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. 

ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ എന്ന പേര് ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെഎസ്‌യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റായി. അ‍ഞ്ചു വര്‍ഷം ഇതേ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി എട്ടു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1996 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ (1966, 2001, 2006) ആലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായി. ഇതിനിടെ 2009-ല്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോക്സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ലോക്സഭാംഗം എന്ന നിലയില്‍ പാര്‍ലമെന്‍റിലെ എസ്റ്റിമേറ്റ് കമ്മിറ്റി, ഗതാഗതം, വിനോദസഞ്ചാരം, സാംസ്കാരികം എന്നിവയ്ക്കായുള്ള കമ്മിറ്റി,
റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി, കൃഷികാര്യങ്ങള്‍ക്കായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി. എംപിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്‍റെകൂടി അടിസ്ഥാനത്തില്‍ 2011 ജനുവരിയില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ്ജ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായി. തുടര്‍ന്ന് 2012 ഒക്ടോബറില്‍ മുതല്‍ വ്യോമയാന വകുപ്പിന്‍റെ സഹമന്ത്രിയായി സ്ഥാനമേറ്റു. 

ലോക്സഭയില്‍ കയ്യടി വാങ്ങിയ ജനപ്രതിനിധി

2014-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും രണ്ടാമതും ജനവിധി തേടി പ്രതിപക്ഷ നേതൃനിരയില്‍ ശക്തമായ സാന്നിദ്ധ്യമായി. രാജ്യത്തെ ജനതയെ ബാധിക്കുന്ന ചെറുതും വലുതുമായ പൊതു വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ഇടപെടുകയും അത്തരം ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയും സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന ജനപ്രതിനിധിയായി. കറതീര്‍ന്ന മതേതര നിലപാടുകളിലൂടെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ നേടിയ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടുകയും മതന്യൂനപക്ഷങ്ങളടക്കം എല്ലാ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സ്വീകാര്യത നേടാനുമായി. തീഷ്ണവും സുതാര്യവുമായ പൊതു നിലപാടുകളിലൂടെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നേരെ സന്ധിയില്ലാത്ത പോരാട്ടമാണ് വേണുഗോപാലിന്‍റേത്. 

ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ യുദ്ധമുഖം തുറന്ന വേണുഗോപാല്‍ ഒരു വലിയ ജനതയുടെ പ്രതീക്ഷയാണ്. സ്ത്രീസുരക്ഷ, കാര്‍ഷിക പുരോഗതി, വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ പരിവര്‍ത്തനം, റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ കാലോചിതമായ പരിഷ്ക്കാരം, ഉത്പന്ന സേവനമേഖലകളുടെ ഗുണനിലവാരമുയര്‍ത്തല്‍ തൊഴിലില്ലായ്മ, വിമുക്തഭടന്‍മാരുടെയും ജീവനക്കാരുടെയും പ്രവാസികളുടെയും ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമം, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, ദളിതര്‍ക്കും, അവശതയനുഭവിക്കുന്നവരുടെയും ശാക്തീകരണം തുടങ്ങി വേണുഗോപാലിന്‍റെ ഇടപെടല്‍ ഉണ്ടാകാത്ത മേഖലകളില്ല. ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളില്‍ തികച്ചും മാതൃകാപരവും ഊര്‍ജ്ജസ്വലവും, നിരന്തരവും, അര്‍പ്പിതവുമായ പ്രവര്‍ത്തനം. 

എംപി ഫണ്ട് വിനിയോഗത്തില്‍ പതിനഞ്ചാം ലോക്സഭയില്‍ ദേശീയതലത്തില്‍തന്നെ ഒന്നാമതെത്തി. സംസ്ഥാന മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാനവസരം ലഭിച്ചപ്പോള്‍ ശബരിമല വികസനത്തിന് വനഭൂമി ലഭ്യമാക്കിയതും ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നതും ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ കനാലുകളുടെ നവീകരണം പൂര്‍ത്തിയാക്കിയതും നേട്ടങ്ങളില്‍ ചിലതുമാത്രം. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജ മേഖലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചു. വ്യോമയാന മന്ത്രിയെന്ന നിലയില്‍ പ്രവാസികളുടെ യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്താനും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന സാധാരണക്കാരുടെ വിമാനക്കമ്പനിയെ സമൂല പരിഷ്ക്കരണത്തിന് വിധേയമാക്കുകയും ചെയ്തു. ഒരു തീരദേശ മണ്ഡലമെന്ന നിലയില്‍ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലത്തിലെ മത്സ്യതൊഴിലാളികളുടെയും, കര്‍ഷകരുടെയും, കയര്‍തൊഴിലാളികളുടെയും പ്രശ്നപരിഹാരങ്ങള്‍ക്കും റെയില്‍വേ ദേശീയപാത അടക്കമുള്ള ഗതാഗത സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, സാംസ്കാരികം, സ്ത്രീ,വയോജന, ശിശുക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ മുന്‍ഗണനകള്‍.  

മറക്കാനാവാത്ത നന്ദാവനം പൊലീസ് ക്യാമ്പും ക്രൂര മര്‍ദ്ദനവും

തികച്ചും ത്യാഗസമ്പന്നമായ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട് കെ സി വേണുഗോപാലിന്. ഇടതു സര്‍‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ നിന്ന് സമരങ്ങള്‍ നയിക്കുമ്പോള്‍ നിരവധി തവണ പൊലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിക്കേണ്ടിവന്നു. 1989 ല്‍ നായനാര്‍ സര്‍ക്കാരിന്‍റെ ഭരണകാലത്ത് വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് നന്ദാവനം പൊലീസ് ക്യാമ്പില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവം ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന മാര്‍ക്ക്ദാനത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായ ലാത്തിച്ചാര്‍ജ്ജിനിരയാകേണ്ടിവന്നു. 1998-ല്‍ കൊല്ലം എസ് എന്‍ കോളേജ് പ്രശ്നത്തില്‍ സിപിഎം എസ്എന്‍ ട്രെസ്റ്റിനെതിരെ നടത്തിവന്ന സമരത്തിനും ജനാധിപത്യ ധ്വംസനത്തിനും യൂത്ത് കോണ്‍ഗ്രസ് എസ്‌പി ഓഫീസ് മാര്‍ച്ച് നയിച്ചപ്പോഴും ക്രൂരമായ
പൊലീസ് മര്‍ദ്ദനത്തിനിരയായി. എംഎല്‍എ ആയിരിക്കേ ആലപ്പുഴയില്‍ വ്യാപാരികളുടെ അകാരണമായ അറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് മര്‍ദ്ദിച്ച സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. 

പയ്യാവൂര്‍ പഞ്ചായത്തില്‍ 2000ത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ സമരത്തില്‍ ഒന്‍പതു ദിവസം നിരാഹാരമനുഷ്ഠിച്ചു. സംസ്ഥാനമൊട്ടാകെ ചെറുതും വലുതുമായ ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങള്‍ നയിച്ച രാഷ്ട്രീയ ചരിത്രമുണ്ട്. കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ ചീഫ് വിപ്പായിരുന്നു.. ഐക്യരാഷ്ട്ര സഭയുടെ 65മത് ജനറല്‍ അസംബ്ലിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. അമേരിക്ക, ജര്‍മ്മനി, ചൈന, സ്പെയിന്‍, ബ്രിട്ടണ്‍ തുടങ്ങി പതിനഞ്ചോളം വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സര്‍വ്വകലാശാല- ജില്ലാതലങ്ങളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്ന വോളിബോള്‍ താരമായിരുന്നു. 

കര്‍ണാടക മാറ്റിയെഴുതിയ രാഷ്‌ട്രീയ ഭാവി

2017ൽ ആണ് കോൺഗ്രസ് ഭരണത്തിലുള്ള കർണ്ണാടകത്തിന്റെ ചുമതലക്കാരനായി രാഹുൽ ഗാന്ധി കെ സി വേണുഗോപാലിനെ നിയോഗിക്കുന്നത്. അത് ഒരു ചരിത്ര നിയോഗം ആയിരുന്നു. എല്ലാ രാഷ്ട്രീയ മര്യാദകളെയും കാറ്റിൽ പറത്തി അധികാരം പിടിച്ചെടുക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കെ സി വേണുഗോപാൽ മുൻകൈ എടുത്ത് കർണ്ണാടകത്തിൽ ജനതാ ദൾ- കോൺഗ്രസ് സഖ്യ സർക്കാർ ഉണ്ടായി. ഈ മികച്ച ഇടപെടലാണ് കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്വമായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. രാജസ്ഥാനിലെയും, മധ്യപ്രദേശിലെയും സർക്കാർ രൂപീകരണത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ കെ സി വേണുഗോപാലിനെയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷമുള്ള സർക്കാർ രൂപീകരണത്തിന്റെ ചുമതല കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി ഏൽപ്പിച്ചത്. 

"

നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ പാർലമെന്റിൽ കെ സി വേണുഗോപാൽ നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രാജ്യ വ്യാപക പോരാട്ടത്തിന് നേതൃത്വം കൊടുത്തു. ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കോൺഗ്രസ് സംഘടനാ സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റുന്നുണ്ട് കെ സി വേണുഗോപാൽ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നിലപാടുകൾ മൂലം ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ വിഷയം ഉന്നയിച്ച് കോൺഗ്രസ് നടത്തിയ സ്പീക് അപ് ഇന്ത്യ ക്യാമ്പയിൻ പങ്കാളിത്തം കൊണ്ടും ലോക്  ഡൗൺ കാലത്തെ വ്യത്യസ്ഥ സമരമുറ എന്ന നിലയിലും ലോകശ്രദ്ധ ആകർഷിച്ചു. രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശ, ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ അധ്യാപികയാണ്. മകന്‍ ഗോകുല്‍, മകള്‍ പാര്‍വ്വതി. 

Follow Us:
Download App:
  • android
  • ios