'കോടതിയിൽ ഇത്തരം ചർച്ചകൾ സ്വാഗതാർഹമല്ല. ഡ്രോയിംഗ് റൂമിൽ ഈ പ്രശ്നം ചർച്ച ചെയ്യാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു'.

ലഖ്നൗ: താജ്മഹലിന്റെ (Taj Mahal) പൂട്ടിയിട്ട 22 മുറികൾ തുറക്കണമെന്നും സ്മാരകത്തിന്റെ ചരിത്രം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊതുതാൽപര്യ ഹർജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. ബിജെപി അയോധ്യ മാധ്യമ വിഭാ​ഗം തലവൻ രജനീഷ് സിങ്ങാണ് ഹർജി നൽകിയത്. 

നാളെ നിങ്ങൾ വന്ന് ഞങ്ങളോട് ജഡ്ജിമാരുടെ ചേംബറിൽ പോകാൻ ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. കോടതിയിൽ ഇത്തരം ചർച്ചകൾ സ്വാഗതാർഹമല്ല. ഡ്രോയിംഗ് റൂമിൽ ഈ പ്രശ്നം ചർച്ച ചെയ്യാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വിഷയങ്ങളിൽ ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടോ. ഈ പ്രശ്നങ്ങൾ ചരിത്രകാരന്മാർക്ക് വിടണമെന്നും കോടതി വ്യക്തമാക്കി. സംശയമുണ്ടെങ്കിൽ പോയി ഗവേഷണം ചെയ്യുക. എംഎ, പിഎച്ച്ഡി ചെയ്യുക. ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ഏതെങ്കിലും സ്ഥാപനം നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരൂവെന്നും അപ്പോൾ പരിഹരിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്ഈ പരാതിക്കാരൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്തെത്തിയിരുന്നുയ ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹല്‍ നിൽക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ജയ്പൂര്‍ രാജകുടുംബത്തിലെ അംഗമാണ് എംപി. താജ്മഹലിലെല 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു. 

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം: 22 പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

'കേസ് കോടതിയുടെ പരി​ഗണനയിലാണ്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ സാഹചര്യം എന്തായിരുന്നെന്ന് അറിയാത്തതിനാൽ ഭൂമി തങ്ങളുടെതാണെന്ന് പറയുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാൽ നൽകും- ദിയ കുമാരി പറഞ്ഞു. താജ് മഹലിനുള്ളിലെ മുറികൾ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.