ഛത്തീസ് ​ഗണ്ഡ്: തെലങ്കാനയിൽ നിന്ന് മടങ്ങിയെത്തിയ 22 അതിഥി തൊഴിലാളികൾ ഛത്തീസ് ​ഗണ്ഡിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. ഛത്തീസ് ​ഗണ്ഡിലെ ബസ്താർ മേഖലയിലെ ദന്തേവാദ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് ഭീതി നിലനിൽക്കുന്ന പ്രദേശമാണിത്. കർഷക തൊഴിലാളികളെയാണ് ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നതെന്ന് ദന്തേവാജ ജില്ലാ കളക്ടർ തോപേശ്വർ വർമ്മ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

വ്യാഴാഴ്ചയാണ് ഇവർ ​ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. എല്ലാവരെയും ആരോ​ഗ്യപ്രവർത്തകർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ക്വാറന്റൈൻ സജ്ജീകരണങ്ങളൊരുക്കി അവിടെയാണ് ഇവരെ പാർപ്പിച്ചിരുന്നത്. കളക്ടർ പറഞ്ഞു. ആകെ 47 തൊഴിലാളികളാണ് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി ദന്തേവാദയിൽ തിരിച്ചെത്തിയത്. സ്വന്തം ​ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കാതെ ഇവരെയെല്ലാം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം ഇവർക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു എന്ന് കളക്ടർ വെളിപ്പെടുത്തി. 

ഇവരാരും അവരവരുടെ ​ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയിട്ടില്ല. അധികൃതർക്കോ പൊലീസിനോ ഇവരുടെ ​ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുക ദുഷ്കരമാണെന്നും ഇവിടം തീവ്ര മാവോയിസ്റ്റ് പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ് ​ഗണ്ഡിൽ 59 പേർക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേർ കൊവിഡ് സൗഖ്യം നേടി.