Asianet News MalayalamAsianet News Malayalam

ഛത്തീസ്ഗഡ് ഏറ്റുമുട്ടലിൽ 22 ജവാൻമാർക്ക് വീരമൃത്യു; 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ജവാൻമാരുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ ത്യാഗവും ധീരതയും രാജ്യം ഒരിക്കലും മറക്കില്ലെന്നും കുടുംബങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

22 security personnel killed in maoist attack at Sukma Bijapur border in Chhattisgarh
Author
Raipur, First Published Apr 4, 2021, 2:08 PM IST

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മരിച്ച ജവാൻമാരുടെ എണ്ണം 22 ആയി. 31 പേർക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. സുരക്ഷ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മാവോയിസ്റ്റുകൾക്കായി ബിജാപൂർ വനമേഖലയിൽ സുരക്ഷ സേനയുടെ വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കൊല്ലപ്പെട്ട ജവാൻമാരിൽ 14 പേർ ഡിസ്ട്രിക് റിസർവ്വ് ഗാർഡ് ഉദ്യോഗസ്ഥരാണ്. മാവോയിസ്റ്റുകളെ നേരിടാനുള്ള ഛത്തീസ്ഗഡ് പൊലീസിന്റെ സേനയാണ് ഇത്. എട്ട് പേർ സിആർപിഎഫ് ജവാൻമാരാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന എറ്റവും വലിയ മാവോയിസ്റ്റ് ആക്രമണങ്ങളിലൊന്നാണ് ബിജാപൂരിൽ നടന്നത്. 

ബസ്‍തര്‍ വനമേഖലയില്‍ വെള്ളിയാഴ്‍ച്ച രാത്രിമുതല്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സംയുക്ത സേനയില്‍പ്പെട്ട 2000 പേര്‍ പ്രത്യേക തെരച്ചില്‍ നടത്തുകയായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്. സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 

ജവാൻമാരുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ ത്യാഗവും ധീരതയും രാജ്യം ഒരിക്കലും മറക്കില്ലെന്നും കുടുംബങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.

 

 

സിആര്‍പിഎഫ് ഡയറക്ടർ ജനറല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎൽജിഎ) എന്ന മാവോയിസ്റ്റ് സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios