ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ താത്കാലിക ക്രമീകരണമാണെന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നു.
മുംബൈ : ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയിലെ 40 എംഎൽഎമാരിൽ 22 പേരും ഉടൻ ബിജെപിയിൽ ചേരുമെന്ന അവകാശവാദവുമായി ഉദ്ദവ് പക്ഷം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ താത്കാലിക ക്രമീകരണമാണെന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നു.
''അദ്ദേഹത്തിന്റെ മുഖ്യമന്ത്രി യൂണിഫോം എപ്പോൾ വേണമെങ്കിലും അഴിക്കാമെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെയുടെ ഗ്രൂപ്പ് ഒരു സ്ഥാനാർത്ഥിയെ നിർത്തേണ്ടതായിരുന്നു. എന്നാൽ അത് ഒഴിവാക്കിയത് ബിജെപിയാണ്," സാമ്‌നയിലൂടെ ഉദ്ദവ് വിഭാഗം ആരോപിച്ചു.
'മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്, സർപഞ്ച് തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയെന്ന ഷിൻഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്. ഷിൻഡെ ഗ്രൂപ്പിലെ 22 എംഎൽഎമാരെങ്കിലും അസ്വസ്ഥരാണ്. ഈ എംഎൽഎമാരിൽ ഭൂരിഭാഗവും ബിജെപിയിൽ ലയിക്കും,”ലേഖനത്തിൽ പറയുന്നു.
ശിവസേനയ്ക്കും മഹാരാഷ്ട്രയ്ക്കും ഷിൻഡെ വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്നും സംസ്ഥാനം അദ്ദേഹത്തോട് പൊറുക്കില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. തങ്ങളുടെ നേട്ടത്തിനായി ബിജെപി ഷിൻഡെയെ ഉപയോഗിക്കുന്നത് തുടരുമെന്നും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സേന മുഖപത്രത്തിൽ അവകാശപ്പെട്ടു. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണെന്നും മുഖ്യമന്ത്രി ഷിൻഡെ ആ തീരുമാനങ്ങൾ പ്രഖ്യാപിക്കുകമാത്രമാണെന്നും ലേഖനത്തിൽ ആരോപണം ഉന്നയിക്കുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്.
Read More : ഉദ്ധവ് താക്കറെക്ക് വൻതിരിച്ചടി; ഏക്നാഥ് ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ
