Asianet News MalayalamAsianet News Malayalam

25,753 അധ്യാപകരുടെ നിയമനം റദ്ദാക്കി, വാങ്ങിയ ശമ്പളം പലിശ സഹിതം തിരിച്ചുനൽകണം; ബം​ഗാളിൽ സർക്കാറിന് തിരിച്ചടി

ബിജെപി ബംഗാളിനെയും തൃണമൂൽ സർക്കാരിനെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. അതേസമയം, വിധിയെ സ്വാ​ഗതം ചെയ്ത് ബിജെപി രം​ഗത്തെത്തി.

25 000 Bengal Teachers Fired, Told To Return Salary, high court order
Author
First Published Apr 22, 2024, 5:03 PM IST

കൊൽക്കത്ത: ബം​ഗാളിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങൾ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംസ്ഥാനത്തെ 25,753 അധ്യാപകർക്ക് ജോലി നഷ്‌ടപ്പെടും. കൂടാതെ അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധമായി നിയമിതരായ മുഴുവൻ അധ്യാപകരും നാലാഴ്ചയ്ക്കകം ശമ്പളം തിരികെ നൽകണമെന്ന് ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഈ അധ്യാപകരിൽ നിന്ന് പണം ഈടാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തി. നിയമിക്കപ്പെട്ടവരിൽ ഒരാളായ കാൻസർ ചികിത്സയിൽ കഴിയുന്ന സോമ ദാസ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജോലിയിൽ തുടരാനും കോടതി ഉത്തരവിട്ടു.

സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ബെഞ്ച്, നിയമന നടപടികൾ കൂടുതൽ അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ഉത്തരവിട്ടു. പുതിയ നിയമന പ്രക്രിയ ആരംഭിക്കാൻ പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഡബ്ല്യുബിഎസ്എസ്‌സി ചെയർമാൻ സിദ്ധാർഥ് മജുംദർ പറഞ്ഞു.  മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും അധ്യാപക നിയമന കേസിൽ ജയിലിലാണ്. ബിജെപി നേതാക്കൾ ജുഡീഷ്യറിയെ സ്വാധീനിക്കുകയാണെന്ന് ഉത്തരവിനോട് പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.  

ബിജെപി ബംഗാളിനെയും തൃണമൂൽ സർക്കാരിനെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. അതേസമയം, വിധിയെ സ്വാ​ഗതം ചെയ്ത് ബിജെപി രം​ഗത്തെത്തി. ഹൈക്കോടതി 24,000 അനധികൃത എസ്എസ്‌സി റിക്രൂട്ട്‌മെൻ്റുകൾ റദ്ദാക്കി. അർഹരായ ഉദ്യോഗാർഥികൾ സന്തോഷിക്കുകയാണ്. മരുമകനും അമ്മായിക്കും പോകാനുള്ള സമയമായെന്നും ബിജെപി ബം​ഗാൾ ഘടകം അഭിപ്രായപ്പെട്ടു. 

24,640 ഒഴിവുകളിലേക്കുള്ള പരീക്ഷയിൽ 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.  9, 10, 11, 12 ക്ലാസുകളിലെ അധ്യാപകരുടെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫർമാരുടെയും തസ്തികകൾ ഉൾപ്പെടുന്നു. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയായ അഭിജിത് ഗാംഗുലി  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാണ്. റിക്രൂട്ട്‌മെൻ്റ് കേസിലെ ഹർജികളും അപ്പീലുകളും കേൾക്കാൻ ഡിവിഷൻ ബെഞ്ച് രൂപീകരിക്കാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ നിർദേശിക്കുകയും നിയമനം റദ്ദാക്കിയവർക്ക് ആറ് മാസത്തെ സംരക്ഷണം നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios