പഠിക്കുന്ന സ്ഥലത്തെത്തി വിദ്യാർഥിനിയെ വെടിവെച്ച് വീഴ്ത്തി, പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി യുവാവ്
അംറോഹ നിവാസിയായ ഗൗരവ് പെൺകുട്ടിയെ പഠന സ്ഥലത്തെത്തി പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ലഖ്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ അസ്മോലിയിലാണ് ദാരുണമായ സംഭവം നടന്നത്. അംരോഹ സ്വദേശി ഗൗരവ് (25) ആണ് മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ ബിഎസ്‍സി വിദ്യാർത്ഥിനിയായ പെൺകുട്ടി(18) ആശുപത്രിയിൽ ചികിത്സയിലാണ്. അംറോഹ നിവാസിയായ ഗൗരവ് പെൺകുട്ടിയെ പഠന സ്ഥലത്തെത്തി പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവാവ് വെടിവെക്കാനുപയോഗിച്ച തോക്ക് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സംഭാൽ എസ്പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറൻസിക് സംഘം കുറ്റ കൃത്യം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ നിന്നും ഒരു പിസ്റ്റളും രണ്ട് ഒഴിഞ്ഞ ബുള്ളറ്റ് കേസിംഗുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
അതേസമയം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തുമെന്നാണ് മകൾ തന്നെ അറിയിച്ചിരുന്നതെന്ന് വെടിയേറ്റ വിദ്യാർത്ഥിനിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് അറിയുന്നത് ആരോ അവൾക്ക് നേരെ വെടിയുതിർത്തു എന്നാണ്. പെൺകുട്ടിയും ആക്രമിയും തമ്മിൽ എന്തെങ്കിലും തമ്മിലുള്ള ബന്ധമുള്ളതായി തനിക്ക് അറിയില്ലെന്നും മാതാവ് പറഞ്ഞു.
Read More : 'ഫോൺ താഴെ വീണു', ബൈക്കിലെത്തിയവരുടെ വാക്ക് കേട്ട് സ്കൂട്ടർ നിർത്തി; വ്യവസായിയെ വെടിവെച്ച് കൊന്നു, അന്വേഷണം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)