യുവതിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്ന യുവാവ് ഇക്കാര്യം അറിയിച്ചപ്പോള്‍ പക്ഷേ യുവതി നിരസിച്ചു. ഇതാണ് പ്രകോപനമായത്. 

ലക്നൗ: ബന്ധുവായ യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ത ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാന്‍ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കോട്‍വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡി.എം കോളനിയിലെ അമ്മാവന്റെ വീട്ടിലായിരുന്നു യുവതിയും താമസിച്ചിരുന്നത്. അമ്മാവന്റെ മകന്‍ ഗ്യാന്‍ പ്രകാശും യുവതിയും ഒരേ കോളേജില്‍ നിയമ വിദ്യാര്‍ത്ഥികളുമാണെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. 

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഗ്യാന്‍ പ്രകാശ് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ അടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എ.എസ്.പി പറഞ്ഞു. 

ഗ്യാന്‍ പ്രകാശിന് യുവതിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ യുവതി അത് നിരസിച്ചതോടെ ആക്രമിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...