ലഖനൗ: തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടിയതിന് നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് 250 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ. തേജസ് എക്സ്പ്രസില്‍ ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര നടത്തിയ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതാദ്യമായാണ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. 

451 യാത്രക്കാര്‍ തേജസ് എക്സ്പ്രസില്‍ ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്കും 500 പേര്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്തിരുന്നു. എല്ലാവര്‍ക്കും 250 രൂപ വീതം നല്‍കുമെന്ന് ഐആര്‍ടിസി അറിയിച്ചു. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും ഇതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കുമെന്നും ഐആര്‍ടിസി റീജണല്‍ മാനേജര്‍ അശ്വിനി ശ്രീവാസ്തവ പറഞ്ഞു.

ശനിയാഴ്ച ലഖ്നൗവില്‍ നിന്ന് 6.10 ന് പുറപ്പെടേണ്ട ട്രെയിന്‍ 8.55 നാണ് പുറപ്പെട്ടത്. തിരിച്ച് ദില്ലിയില്‍ നിന്ന് 3.35 ന് പുറപ്പെടേണ്ട ട്രെയിന്‍ പുറപ്പെട്ടത് 5.30 തിനാണ്. നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് അധിക ചായയും നല്‍കി. ട്രെയിന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പ്രിന്‍റ് ചെയ്ത ഉച്ചഭക്ഷണ പായ്ക്കറ്റും യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു. ട്രെയിന്‍ എത്തിച്ചേരേണ്ട സ്ഥലത്ത് വൈകിയെത്തിയാല്‍ മാത്രമാണ് നഷ്ടപരിഹാര തുക ലഭിക്കാന്‍ അര്‍ഹതയുള്ളത്. വൈകി പുറപ്പെട്ട ശേഷം കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ല.