ദിവസങ്ങളോളം നവ വരനെ കത്തിമുനയിൽ നിർത്തിയ ശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം

പ്രയാഗ്രാജ്: അദ്യരാത്രിയിൽ മണിയറയിൽ എത്തിയ ഭ‍ർത്താവിനെ കൊല്ലുമെന്ന ഭീഷണിയുമായി നവവധു. ദിവസങ്ങളോളം നവ വരനെ കത്തിമുനയിൽ നിർത്തിയ ശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. 26 വയസ് പ്രായമുള്ള നിഷാദിന്റെ വിവാഹം ഏപ്രിൽ 29നാണ് സിതാര എന്ന യുവതിയുമായി കഴിയുന്നത്. വിവാഹത്തിന് പിന്നാലെ പ്രയാഗ്രാജിലെ എഡിഎ കോളനിയിലെ ഭ‍ർത്താവിന്റെ വീട്ടിലേക്ക് യുവതി എത്തുകയും ചെയ്തു. എന്നാൽ ആദ്യ രാത്രിയിൽ മണിയറയിലേക്ക് എത്തിയ നിഷാദിനെ കത്തിയുമായാണ് സിതാര കാത്തിരുന്നത്. തന്റെ ദേഹത്ത് തൊട്ടാൽ 35 കഷ്ണമായി വെട്ടിനുറുക്കുമെന്നും താൻ മറ്റൊരാളുടേതാണെന്നുമാണ് സിതാര യുവാവിനോട് പറഞ്ഞത്. ഭയന്നുപോയെങ്കിലും നാണക്കേട് ഭയന്ന് നിഷാദ് വിവരം ആരെയും അറിയിച്ചില്ല.

സമാനമായ രീതിയിൽ മൂന്ന് ദിവസങ്ങ8ക്ക് ശേഷം മെയ് 2നായിരുന്നു ദമ്പതികൾക്ക് റിസപ്ഷൻ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ഇതിന് ശേഷവും സിതാരയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലാതെ വന്നതോടൊണ് നിഷാദ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ ഉടൻ തന്നെ വധുവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. ഇരുകൂട്ടരും വിവരം തിരക്കുമ്പോഴാണ് അമൻ എന്ന യുവാവുമായി താൻ പ്രണയത്തിലാണെന്നും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് യുവതി വീട്ടുകാരോട് അറിയിച്ചത്. മെയ് 25ന് ഗ്രാമത്തലവനടക്കം പങ്കെടുത്ത ചർച്ചയിൽ കാമുകനെ മറക്കാനും വിവാഹ ബന്ധം തുടരാനും തീരുമാനവുമായി. മധ്യസ്ഥ ചർച്ചകൾക്കെത്തിയവർ യുവതിയിൽ നിന്ന് സമ്മതം എഴുതി വാങ്ങുകയും ചെയ്തു.

ഇതിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ യുവതി പഴയ പോലെ തന്നെ മണിയറയിൽ കത്തിയുമായി കാത്തിരിപ്പ് തുടരുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തിരികെ ഭർത്താവിന്റെ വീട്ടിലെത്തി ഏതാനും ദിവസത്തിന് ശേഷം വീടിന്റെ പിൻഭാഗത്തുള്ള മതില് ചാടി യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. മെയ് 30നാണ് സിതാര കാമുകനൊപ്പം ഒളിച്ചോടിയത്. സിസിടിവി ദൃശ്യങ്ങളിൽ നവവധു മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. അർധരാത്രിയോടെ വീടിന്റെ മതിൽ ചാടിക്കടന്ന് യുവതി പുറത്തേക്ക് പോവുന്നതായ ദൃശ്യങ്ങളും പുറത്ത് വന്നു. നിലവിൽ നാണക്കേടുണ്ടായെങ്കിലും ജീവൻ തിരിച്ച് കിട്ടിയല്ലോയെന്ന ആശ്വാസത്തിലാണ് യുവാവുള്ളത്. സംഭവത്തില്‍ പൊലീസ് കേസുമായി മുന്നോട്ടുപോകാന്‍ ഇരുകുടുംബങ്ങള്‍ക്കും താല്‍പര്യമില്ലെന്നാണ് പ്രതികരണമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം