അയോധ്യ മുതൽ രാമേശ്വരം വരെ ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കും, ശബരിമലയിലും ശ്രീരാമ സ്തംഭം; ലക്ഷ്യമിത്....
ആദ്യത്തെ തൂൺ അയോധ്യയിലെ മണിപർബത്തിൽ സ്ഥാപിക്കും. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന അതേ പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ സെപ്റ്റംബർ 27 ന് നടക്കും.

ദില്ലി: അയോധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കും. ശബരിമലയിലെ ഗ്രാമത്തിലെ ശബരി ആശ്രമത്തിലും ശ്രീരാമ തൂൺ സ്ഥാപിക്കും. വാൽമീകി രചിച്ച രാമായണത്തിൽ രാമൻ വനത്തിലേക്കുള്ള യാത്രയ്ക്കിടെ സന്ദർശിച്ച എല്ലാ സ്ഥലങ്ങളെയുമാണ് തൂണുകൾ അടയാളപ്പെടുത്തുക. ദ വീക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആദ്യത്തെ തൂൺ അയോധ്യയിലെ മണിപർബത്തിൽ സ്ഥാപിക്കും. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന അതേ പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ സെപ്റ്റംബർ 27 ന് നടക്കും. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടുതന്നെ ശബരി ആശ്രമത്തിലും തൂൺ സ്ഥാപിക്കും. ഈ തൂണുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻ ഇന്ത്യൻ റവന്യൂ ഓഫീസർ രാം അവതാർ ശർമ്മ പരിശോധിച്ചു.
ഓരോ തൂണിലും വാൽമീകി രാമായണത്തിലെ ഈരടികൾ ഉണ്ടായിരിക്കും. ശ്രീരാമൻ സന്ദർശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈരടികൾ. തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകൾ സ്ഥാപിക്കും. നദിയുടെ തീരത്തുള്ള അനെഗുഡി എന്ന ചെറുപട്ടണം പുരാതനകാലത്ത് കിഷ്കിന്ധ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ വച്ചാണ് രാമൻ ആദ്യമായി ഹനുമാനെയും സുഗ്രീവനെയും കാണുന്നത്. മറ്റൊന്ന് ധനുഷ്കോടിയിലെ രാമസേതുവിലും സ്ഥാപിക്കും. ഭാവിതലമുറയെ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിലമതിക്കാനാവാത്ത സംഭാവനയായിരിക്കും സ്തംഭങ്ങളെന്ന് ട്രസ്റ്റി ചമ്പത് റായ് പറഞ്ഞു.
Read More.... രാഷ്ട്രീയ എതിരാളികൾ പുതിയ വില്ലന്മാരെയും എതിരാളികളെയും സൃഷ്ടിക്കുന്നു: മന്ത്രി എംബി രാജേഷ്
അയോധ്യ ശ്രീരാമ ക്ഷേത്രം ഭക്ത ജ നങ്ങൾക്കായി 2024 ജനുവരിയിൽ തുറന്ന് കൊടുക്കുമെന്ന് ട്രസ്റ്റ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തേക്കും. അയോധ്യയിൽ ക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്. എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.