3.2 തീവ്രതയുള്ള ഭൂചലനമാണ് ചമ്പ ജില്ലയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ടത്. രാവിലെ 5.17ഓടെയാണ് ചലനം അനുഭവപ്പെട്ടത്.
ചമ്പ: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ നേരിയ ഭൂചലനം. 3.2 തീവ്രതയുള്ള ഭൂചലനമാണ് ചമ്പ ജില്ലയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ടത്. രാവിലെ 5.17ഓടെയാണ് ചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റര്‍ വരെ ചലനം അനുഭവപ്പെട്ടുവെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വിശദമാക്കുന്നത്. ധരംശാലയില്‍ നിന്ന് 22 കിലോമീറ്ററാണ് ഭൂകമ്പം അനുഭവപ്പെട്ട മേഖലയിലേക്ക് ഉള്ളത്. ആളപായമില്ല.
അതേസമയം ഹിമാചല്‍ പ്രദേശിലെ മണാലി, നാര്‍കന്ദ അടക്കമുള്ള മേഖലകള്‍ കടുത്ത ശൈത്യത്തിന്‍റെ പിടിയിലാണ്. മണാലിയിലടക്കം മഞ്ഞ് വീഴ്ചയും ശക്തമാണ്. ചമോലി ജില്ലയിലെ ദെവാലി മേഖലയിലും മഞ്ഞ് വീഴ്ച ശക്തമാണ്.
സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ കെട്ടിടങ്ങളില്‍ വലിയതും ചെറുതുമായ വിള്ളല്‍ വീഴുന്നതും ഭൂമിക്കടിയിൽ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്കും ഭൂമി ഇടിഞ്ഞ് താഴുന്നതുമായ ഭൌമ പ്രതിഭാസങ്ങള്‍ നടക്കുന്നതിനിടയിലാണ് ഹിമാചല്‍ പ്രദേശിലെ ഭൂകമ്പം. അറുനൂറ് വീടുകളാണ് വീണ്ട് കീറിയ നിലയില്‍ ജോഷിമഠില്‍ നിലവിലുള്ളത്. ഈ വീടുകളിലെല്ലാം തന്നെ ഓരോ ദിവസം കഴിയുമ്പോള്‍ വിള്ളലുകള്‍ കൂടുതലായി വരികയാണ്.
