ശ്രീന​ഗർ: ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. ജമ്മുകശ്മീര്‍ പൊലീസ്, 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്.  

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെ എത്തിയത്. 

''3 ഭീകരരെ ഷോപിയാന്‍ ജില്ലയിലെ സുഗൂ പ്രദേശത്ത് വച്ച് സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംയുക്ത ഓപറേഷന്‍ നടന്നത്. ഓപ്പറേഷന്‍ തുടരുന്നു''- കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ വക്താവ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേരും ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളായിരുന്നു.