ത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു

പ്രയാഗ്‍രാജ്: മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920-ൽ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി.

ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോ​ഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേ​ഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു.

അതേ സമയം കുംഭമേളയിലെ ദുരന്തത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ ​ഗാന്ധി രം​ഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരായ തീർത്ഥാടകർ സർക്കാരിൻ്റെ വീഴ്ചക്ക് ഇരയായി എന്നും ഇനിയെങ്കിലും ക്രമീകരണങ്ങൾ നേരാംവണ്ണം സജ്ജമാക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

അപകട മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംഭവത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും, യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു.

മഹാകുംഭമേളയിൽ തീര്‍ത്ഥാടകര്‍ ആത്മനിയന്ത്രണം പാലിക്കണം; സര്‍ക്കാർ നിര്‍ദേശങ്ങൾ പാലിക്കണമെന്നും യോഗി ആദിത്യനാഥ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം