കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ, സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് സമയം തേടി. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി നീളുന്ന നേതൃമാറ്റ ചർച്ചകളിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ഡി.കെ. ശിവകുമാർ പക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സിദ്ധരാമയ്യ സംസാരിച്ചിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെയും മറ്റ് മുതിർന്ന നേതാക്കളെയും ദൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി വേണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കാം. സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ പകരം ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചില എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. ഡി.കെ. ശിവകുമാറിന് പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്നതാണ് ഇവരുടെ നിലപാട്. കർണാടകയിലെ നേതൃമാറ്റ വിവാദങ്ങൾക്ക് ഉടൻ 'തിരശ്ശീല വീഴുമെന്ന്' മന്ത്രി സതീഷ് ജാർക്കിഹോളി പ്രതികരിച്ചു. ദില്ലിയിലെ കൂടിക്കാഴ്ചയിൽ എല്ലാ കാര്യങ്ങളും തീരുമാനമാകുമെന്നും അനിശ്ചിതത്വം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വരും ദിവസങ്ങളിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.